26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഉത്പാദനം കുറയുന്നു, ഡിമാൻഡ് കൂടുന്നു: അസംസ്‌കൃത എണ്ണവില വർധന തുടരുമോ?.
Kerala

ഉത്പാദനം കുറയുന്നു, ഡിമാൻഡ് കൂടുന്നു: അസംസ്‌കൃത എണ്ണവില വർധന തുടരുമോ?.

മൂന്നുമാസത്തെ താഴ്ചയ്ക്കുശേഷം എണ്ണവില വർധിയ്ക്കുകയാണ്. ഉൽപാദനത്തിലുണ്ടായകുറവും വർധിച്ച ഡിമാന്റുമാണ് ഇപ്പോഴത്തെ വർധനവിനുകാരണം. പ്രധാന സൂചിക ന്യൂയോർക്ക് ഉൽപന്ന എക്സ്ചേഞ്ചായ നയ്മെക്സിൽ ഓഗസ്റ്റിലെ വിലയേക്കാൾ 15 ശതമാനം നേട്ടത്തോടെ ബാരലിന് 73 ഡോളറിനു മുകളിൽ രേഖപ്പെടുത്തിയിരിക്കയാണ്. ഏഷ്യൻ സൂചികയായ ബ്രെന്റിലും ആഭ്യന്തര സൂചികയായ എംസിഎക്സിലും വിലവർധന ഉണ്ടായിട്ടുണ്ടെങ്കിലും ജൂലൈ ആദ്യവാരം രേഖപ്പെടുത്തിയ കൂടിയ വിലയോളം എത്തിയിട്ടില്ല.

യുഎസിൽനിന്നുള്ള ഷേൽ ഓയിലിന്റെ വരവുകുറഞ്ഞതും ഒപെക് രാഷ്ട്രങ്ങളുടെ ഉൽപാദന ലക്ഷ്യത്തിലുണ്ടായ കുറവും ആഗോളതലത്തിൽ ഡിമാന്റിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധനയും എണ്ണവിതരണം സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. യുഎസ് ഡോളർ ദുർബലമായതും പ്രകൃതി വാതക വിലയിൽ വന്ന വർധനയും എണ്ണവിലയെ ബാധിച്ചിട്ടുണ്ട്.

കൊടുങ്കാറ്റുകളെത്തുടർന്ന് മെക്സിക്കോ ഉൾക്കടലിൽ നിന്നുള്ള എണ്ണ ഉൽപാദനത്തിൽ അനുഭവപ്പെടുന്ന തടസം യുഎസ് എണ്ണ ഉൽപാദനത്തെ ബാധിച്ചു. യുഎസ് ഊർജ്ജ വകുപ്പിന്റെ കണക്കുകളനുസരിച്ച് അസംസ്‌കൃത എണ്ണ, പെട്രോൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ ഉൽപാദനം സമീപ ആഴ്ചകളിൽ കുറഞ്ഞിരിക്കയാണ്. മോശം കാലാവസ്ഥയെത്തുടർന്ന് യുഎസിലെ ശുദ്ധീകരണശാലകളും ഉൾക്കടൽ ഖനന സംവിധാനങ്ങളും അടഞ്ഞുകിടപ്പാണ്.

യുഎസ് ഊർജ്ജവിഭാഗത്തിന്റെ പുതിയ കണക്കുകളനുസരിച്ച് 2018 ഒക്ടോബറിനുശേഷം യുഎസ് എണ്ണ സംഭരണം തുടർച്ചയായി ഏഴാംവാരവും ഇടിയുന്നത് ഇതാദ്യമാണ്. പോയ വാരം 6.108 മില്യൺ ബാരൽ പെട്രോളിയം ഉൽപന്നങ്ങളാണു ലഭിച്ചതെന്ന് അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. ഈവർഷാരംഭം മുതൽ ഉതുവരെ യുഎസ് ക്രൂഡോയിൽ സംഭരണത്തിൽ 70 മില്യൺ ബാരലിന്റെ കുറവുണ്ടായതായി എപിഐ കണക്കുകൾ വ്യക്തമാക്കുന്നു.

ഒപെക് രാജ്യങ്ങളും കൂട്ടാളികളും ചേർന്നുൽപാദിപ്പിക്കുന്ന എണ്ണയുടെ അളവ് പ്രതീക്ഷിച്ചതിലും കുറഞ്ഞത് ആഗോള എണ്ണവിലയുടെ മുകളിലേക്കുള്ള കുതിപ്പിന് ഒരുകാരണമാണ്. കൊറോണ മഹാമാരി കാരണം ഓഗസ്റ്റിൽ ഉൽപാദനം ആഗോള ഡിമാന്റിനനുസരിച്ച് വർധിപ്പിക്കാൻ ഉൽപാദകർക്കു കഴിഞ്ഞില്ല. ഒപെക് അംഗരാഷ്ട്രങ്ങളായ നൈജീരിയ, അംഗോള, കസാഖിസ്താൻ എന്നിവർക്ക് സമീപമാസങ്ങളിൽ അവരുടെ ഉൽപാദനം നിശ്ചിത അളവിലെത്തിക്കാൻ ക്ളേശിക്കേണ്ടി വന്നിട്ടുണ്ട്. കോവിഡ് 19 കാരണം, പുതിയ നിക്ഷേപങ്ങൾ കുറഞ്ഞതും മെയിന്റനൻസ് ജോലികളിലുണ്ടായ കാലതാമസവുമാണ് ഇതിനുകാരണം.

കഴിഞ്ഞവർഷം ഒപെക് രാജ്യങ്ങളും കൂട്ടാളികളും പ്രതിദിനം 10 മില്യൺ ബാരൽവീതം ഉൽപാദനം വെട്ടിക്കുറച്ചുകൊണ്ട് റിക്കാർഡിട്ടുവെങ്കിലും പിന്നീട് ക്രമേണ ഉൽപാദനം വർധിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് മുതൽ പ്രതിദിനം 400000 ബാരൽവീതം ഉൽപാദനം വർധിപ്പിക്കാമെന്ന് ജൂലൈയിൽ അവർ സമ്മതിച്ചിരുന്നു.

മഹാമാരിയിൽനിന്ന് സാമ്പത്തികലോകം അതിവേഗം തിരിച്ചുവന്നതിനെത്തുടർന്ന് ആഗോളതലത്തിൽ എണ്ണയുടെ ഡിമാന്റ് റെക്കോഡ് തലത്തിലായിരിക്കുന്നു. എണ്ണയുടെ ആഗോള ഡിമാന്റ് വൈകാതെ 2019ലേതിനു സമാനമായിത്തീരുമെന്നാണ് പ്രതീക്ഷ. യൂറോപ്പിലും യുഎസിലും പ്രകൃതി വാതക ഉൽപാദനത്തിലുണ്ടായ കുറവും എണ്ണയുടെ ഡിമാന്റ് വർധിക്കാനിടയാക്കിയിട്ടുണ്ട്.

യുഎസ് തൊഴിലവസരങ്ങളിലുണ്ടായ കുറവും എണ്ണവില വർധനയ്ക്കു തുണയായി. പ്രതീക്ഷിച്ചതിനു മുമ്പുതന്നെ അടുത്തവർഷം പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന് യുഎസ് കേന്ദ്ര ബാങ്ക് സൂചന നൽകിയിട്ടും യുഎസ് ഡോളർ ഉറച്ചു നിന്നിരുന്നു. ഡോളർ ദുർബലമാകുമ്പോൾ സാധാരണയായി ഉൽപന്നങ്ങൾ പിന്തുണയ്ക്കാറുണ്ട്. യുഎസ് കറൻസി ശക്തമാകുമ്പോൾ ഇതരകറൻസികളിൽ ഇടപാടു നടത്തുന്നവരെ സംബന്ധിച്ചേടത്തോളം എണ്ണയ്ക്കു കൂടുതൽ വില നൽകേണ്ടിവരും.

ഒപെക് അംഗരാഷ്ട്രങ്ങളിൽ ചിലർക്ക് നിശ്ചിതഅളവിൽ ഉൽപാദനം ഇനിയും സാധ്യമാകാത്തതിനാൽ നിലവിലുള്ള ക്ഷാമം തുടരാനാണ് സാധ്യത. എണ്ണയുടെ ഡിമാന്റ് കോവിഡിനുമുമ്പുള്ള കാലത്തെ നിലവാരത്തിലേക്കു തിരിച്ചെത്തുന്നതോടെ ഡിമാന്റ് – സപ്ളൈ ബലതന്ത്രം കൂടുതൽ മോശമായേക്കാം. എങ്കിലും ലോകത്തെ ഏറ്റവുംവലിയ എണ്ണ ഉൽപാദകരായ യുഎസിൽ നിന്നുള്ള ഉൽപാദനം ശക്തിയാർജ്ജിക്കുന്നതോടെ വലിയ തോതിലുള്ള വിലവർധനക്ക് വിരമമാകും.

62 ഡോളറിന്റെ താങ്ങ് കുഴപ്പമില്ലാതെ തുടർന്നാൽ ആഗോള സൂചികയായ നയ്മെക്സിൽ വില വർധിച്ചേക്കും. ബാരലിന് 75 ഡോളർ, 84 ഡോളർ എന്നനിലവാരത്തിൽ പ്രതിരോധം രൂപപ്പെടാം. സമീപഭാവിയിൽ മുംബൈ എംസിഎക്സിൽ 4500 രൂപയ്ക്കും 5700 രൂപയ്ക്കും ഇടയിൽ വിൽപനനടക്കാനാണിട.

Related posts

ലാഭത്തിലും വിറ്റുവരവിലും ഫാക്ടിന്‌ സർവകാല റെക്കോഡ്‌

യുവത കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ: മന്ത്രി മുഹമ്മദ്‌ റിയാസ്‌

Aswathi Kottiyoor

ഗോ​ണി​ക്കു​പ്പ​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യെ കൊ​ള്ള​യ​ടി​ച്ച സം​ഭ​വം! വ്യാ​ജ അ​പ​ക​ടത്തിനു ​ ഉ​പ​യോ​ഗി​ച്ച​ത് വാ​ട​ക വാ​ഹ​ന​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox