വ്യാപാരസ്ഥാപനങ്ങള്‍ക്ക് സ്വന്തംനിലയ്ക്ക് അവരുടെ തൊഴിലാളികളെ ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യാമെന്നു ഹൈക്കോടതി. ചുമട്ടു തൊഴിലെടുക്കുന്നതിനു തയാറുള്ള തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് അനുവദിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
കൊല്ലത്തെ സ്വകാര്യ കശുവണ്ടി പായ്ക്കിംഗ് യൂണിറ്റിലെ തൊഴിലാളികളെ ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടു കൊല്ലം അസി. ലേബര്‍ ഓഫീസര്‍ക്കും ഹെഡ് ലോഡ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാനും നല്കിയ അപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണമെന്നായിരുന്നു സ്ഥാപനത്തിന്റെയും അവരുടെ തൊഴിലാളികളുടെയും ആവശ്യം.
എന്നാല്‍ ലേബര്‍ ഓഫീസര്‍ പരിശോധന നടത്തിയ സമയത്ത് തൊഴിലാളികള്‍ ലോഡിംഗ്, അണ്‍ലോഡിംഗ് ജോലികള്‍ ചെയ്യുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അപേക്ഷകള്‍ തള്ളിയത്.
ഇത്തരം നടപടിയല്ല വേണ്ടതെന്നും തൊഴിലാളികള്‍ ശാരീരികമായി ചുമട്ടുതൊഴില്‍ ചെയ്യുന്നതിനു ശേഷിയുണ്ടോയെന്നും സ്ഥാപനം തൊഴിലാളികളെ ചുമട്ടുതൊഴിലാളിയായി രജിസ്റ്റര്‍ ചെയ്യുന്നതിനു സന്നദ്ധമാണോയെന്നും പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
തൊഴിലാളികളെ ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്തു 30 ദിവസത്തിനുള്ളില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നു കോടതി അസി. ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി.