സ്കൂള്‍ തുറക്കുന്ന ആദ്യഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കില്ല. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനകളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ സ്കൂളിലെത്തേണ്ടതില്ല. യൂണിഫോമും നിര്‍ബന്ധമാക്കില്ല. കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളുടെ പ്രവർത്തനം നടത്താനാണ് നിർദേശം.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. പ്രധാന അധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം ജില്ലാ കലക്ടര്‍മാര്‍ വിളിച്ചുചേര്‍ക്കും. സ്കൂള്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍ക്കും രൂപം നല്‍കും. എല്ലാ അധ്യാപകരും ജീവനക്കാരും വാക്സീന്‍ സ്വീകരിക്കണമെന്നും ഇതിന്‍റെ ചുമതല അധ്യാപക, അനധ്യാപക സംഘടനകള്‍ ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചു. വിശദമായ മാർഗരേഖ ഒക്ടോബർ അഞ്ചിന് പുറത്തിറക്കും