21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മുൻഗണനാ കാർഡുകളുടെ വിതരണം ആരംഭിച്ചു
Kerala

മുൻഗണനാ കാർഡുകളുടെ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് അർഹതപ്പെട്ട 1.20 ലക്ഷം കുടുംബങ്ങൾക്കുള്ള മുൻഗണനാ റേഷൻകാർഡുകളുടെ വിതരണം ആരംഭിച്ചു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുത്ത അർഹതപ്പെട്ടവർക്കുള്ള കാർഡുകളും ചടങ്ങിൽ ധനമന്ത്രി കൈമാറി. നാളെ മുതൽ താലൂക്ക് സപ്ലൈ ഓഫീസുകളിലൂടെ ജനപ്രതിനിധികൾ ബാക്കി കാർഡുകൾ വിതരണം ചെയ്യുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു.
അനർഹർ കൈവശംവച്ചിരുന്ന 1,42,187 കാർഡുകളാണ് കഴിഞ്ഞ 22 വരെ സർക്കാരിലേക്ക് തിരികെ ലഭിച്ചത്. അതിൽ 1.20 ലക്ഷം കാർഡുകളാണ് സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അർഹതപ്പെട്ടവർക്ക് നൽകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് അവർ ഈ കാർഡുകൾ തിരികെ ഏൽപ്പിച്ചത്. ഏകദേശം ഇത്രത്തോളം അനർഹർ ഇപ്പോഴും മുൻഗണനാ കാർഡുകൾ കൈവശംവച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അവർക്കെതിരെ പിഴ ചുമത്തുന്നത് അടക്കമുള്ള നിയമനടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുമ്പോൾ അത്രയും അർഹരായ ജനങ്ങൾക്കാണ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതെന്ന് ഓർക്കണം. അനർഹർ ലിസ്റ്റിൽ കടന്നുകൂടുന്നത് എല്ലാ മേഖലയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇതിന് ഉദാഹരണമാണ്. ഒരുകാലത്ത് അതിസമ്പന്നതയിൽ കഴിഞ്ഞ ബോർഡാണിത്. നിലവിൽ നാല് ലക്ഷംപേർ ബോർഡിൽനിന്നും ആനുകൂല്യം പറ്റുന്നുണ്ട്. 15 ലക്ഷം പേർ ലിസ്റ്റിൽ ഇനിയുമുണ്ട്. ഇവർകൂടി എത്തുമ്പോൾ എന്താവും അവസ്ഥയെന്ന് ചിന്തിക്കാവുന്നതാണ്. ഇപ്പോൾതന്നെ അടിയന്തര ഘട്ടങ്ങളിൽ അവർക്ക് സർക്കാരിന്റെ സഹായം ആവശ്യമായി വരുന്നുണ്ട്. ആനുകൂല്യം അനർഹമായി കൈപ്പറ്റുന്നത് സമൂഹത്തോട് ചെയ്യുന്ന തെറ്റാണെന്ന് ഇത്തരക്കാർ മനസിലാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഇപ്പോഴുള്ള മുൻഗണനാ കാർഡുകളുടെ വിതരണം ഒക്ടോബർ 15 നകം പൂർത്തീകരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ പറഞ്ഞു. പൊതുചടങ്ങുകൾ സംഘടിപ്പിച്ചായിരിക്കും ഇവ വിതരണം ചെയ്യുന്നത്. ആർക്കാണ് കാർഡുകൾ നൽകുന്നതെന്ന് ജനങ്ങൾ അറിയേണ്ടതുണ്ട്. അനർഹർ വീണ്ടും കടന്നുകൂടാതിരിക്കാൻ ഇത് സഹായകമാവും. പാവപ്പെട്ടവർക്ക് ആശുപത്രികളിൽ സൗജന്യചികിത്സയടക്കം ലഭ്യമാകുന്നതിന് മുൻഗണനാ കാർഡുകൾ കിട്ടേണ്ടതുണ്ട്. അനർഹരുടെ കടന്നുവരവ് പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ചികിത്സയെ പോലും പ്രതിസന്ധിയിലാക്കുന്നു. അത്തരം അവസ്ഥ ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഒന്നരലക്ഷം കുടുംബങ്ങൾക്ക് മുൻഗണനാ കാർഡ് നൽകുന്നതിലൂടെ ആറ് ലക്ഷം പേർക്കാണ് ഗുണം ലഭിക്കുകയെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഗതാഗതമന്ത്രി അഡ്വ. ആന്റണി രാജു ചൂണ്ടിക്കാട്ടി. സൗജന്യ ചികിത്സ മാത്രമല്ല, ലൈഫ് പദ്ധതിയിൽ അടക്കം ഉൾപ്പെടുന്നതിനും പാവപ്പട്ടവർക്ക് മുൻഗണനാ കാർഡുകൾ ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഷീലാകുമാരി, എസ്. ജനനി, ലീല, ജി. മുഹമ്മദ് ഫാത്തിമ, വി. മഞ്ജു, വാസന്തി തുടങ്ങിയവർ ധനമന്ത്രിയിൽനിന്നും മുൻഗണനാ കാർഡുകൾ ഏറ്റുവാങ്ങി. സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ഡർ ഡോ. സജിത് ബാബു സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണി നന്ദിയും പറഞ്ഞു.

Related posts

“2030-ഓ​ടെ രാ​ജ്യ​ത്ത് 6ജി ​ല​ഭ്യ​മാ​ക്കും’

Aswathi Kottiyoor

തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

Aswathi Kottiyoor

ഓ​ട്ടോ​ചാ​ർ​ജ് വ​ർ​ധ​ന ; ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേടി

Aswathi Kottiyoor
WordPress Image Lightbox