എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ 2020 – 21 കാലയളവില്‍ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാന് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെപ്റ്റംബര്‍ ആറിന് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് സംവരണം നല്‍കാതെ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം നല്കരുതെന്നു ചൂണ്ടിക്കാട്ടി കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് സംഘടനയുടെ പ്രസിഡന്റ് കെ.ജെ. വര്‍ഗീസ് നല്കിയ ഹര്‍ജി പരിഗണിച്ച് ജസ്റ്റീസ് രാജ വിജയരാഘവനാണ് സ്റ്റേ അനുവദിച്ചത്.
ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്കാതെയുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് അവരുടെ അവകാശങ്ങളെ ഹനിക്കുന്ന നടപടിയാണെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമനങ്ങളില്‍ ഈ സംവരണം പാലിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശസംരക്ഷണ നിയമത്തില്‍ തൊഴില്‍ ഒഴിവുകളുടെ നാലു ശതമാനത്തില്‍ കുറയാതെ ഇക്കൂട്ടര്‍ക്കായി മാറ്റിവയ്ക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു ബാധകമായിരിക്കുമെന്നും 1996 മുതലുള്ള നിയമനങ്ങള്‍ക്ക് ബാധകമാണെന്നും സര്‍ക്കാര്‍ 2018 നവംബറില്‍ ഉത്തരവിറക്കിയിരുന്നു.
ഇതിനെതിരേ എയ്ഡഡ് സ്കൂള്‍ – കോളജ് മാനേജ്മെന്റുകള്‍ സുപ്രീം കോടതിയില്‍ വരെ പോയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാന് സര്‍ക്കാര്‍ ഉത്തരവു നല്‍കിയത്.
ഉത്തരവു സ്റ്റേ ചെയ്യുന്നത് നിയമന നടപടിയെ ബാധിക്കുമെന്നും എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം നടപ്പാക്കാന്‍ ചട്ടഭേദഗതി വേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. സെപ്റ്റംബര്‍ 24നു മുമ്പ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാന് ഡിഇഒ മാര്‍ക്കും ഡിഡിഇ മാര്‍ക്കും നിര്‍ദേശം നല്കി പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്.
ഭിന്നശേഷി സംവരണം പാലിക്കാതെയുള്ള നിയമനങ്ങള്‍ക്ക് ഇപ്പോള്‍ അംഗീകാരം നല്കിയിട്ടുണ്ടെങ്കില് അതു ഹര്‍ജിയിലെ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.