വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരിയും തിരുവിതാംകൂറിന്റെ വികസനനായകനുമായ സർ സി.പി. രാമസ്വാമി അയ്യരുടെ ജീവിതം ഓർമയായിട്ട് ഞായറാഴ്ച 55 വർഷം പിന്നിടുന്നു.
സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം ഉയർത്തിപ്പിടിച്ച സി.പി.ക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ എതിർപ്പുണ്ടായിരുന്നു. തൈക്കാട് മ്യൂസിക് അക്കാദമിയിൽ െവച്ച് 1947 ജൂലായ് 25-ന് കെ.സി.എസ്. മണിയെന്ന സോഷ്യലിസ്റ്റുകാരൻ സി.പി.യെ വെട്ടിപ്പരിക്കേൽപ്പിച്ചത് രാജഭരണത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഓഗസ്റ്റ് 19-ന് ദിവാൻസ്ഥാനം ഒഴിഞ്ഞ സി.പി. പിന്നീട് ലണ്ടനിലേക്കു പോയി. 1966 സെപ്റ്റംബർ 26-ന് നാഷണൽ ലിബറൽ ക്ലബ്ബിൽ ഒരു റിപ്പോർട്ടറുമായി സംസാരിക്കുന്നതിനിടയിൽ കസേരയിൽനിന്ന് വീഴുകയും പെട്ടെന്ന് മരിക്കുകയും ചെയ്തു.
ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലത്ത് 1936 മുതൽ 1947 വരെ ദിവാനായിരുന്ന സി.പി. സാമൂഹികവും സാമ്പത്തികവുമായ പരിഷ്കാരങ്ങൾ വരുത്തി. 1936-ലെ ക്ഷേത്രപ്രവേശന വിളംബരത്തെ ഗാന്ധിജി പ്രശംസിച്ചു. പദ്മനാഭപുരം കൊട്ടാരത്തിന്റെ നവീകരണം, മഹാരാജാവ് ചാൻസലറായും സ്വയം വൈസ് ചാൻസലറായും 1937-ൽ ആരംഭിച്ച തിരുവിതാംകൂർ സർവകലാശാല, പെരിയാറിൽ പള്ളിവാസൽ ജലവൈദ്യുത പദ്ധതി, ആലുവയിലെ ഫാക്ട്, പുനലൂരിലെ തിരുവിതാംകൂർ പ്ലൈവുഡ് ഫാക്ടറി, കുണ്ടറ അലൂമിനിയം പ്ലാന്റ് തുടങ്ങി രാജ്യത്തിന്റെ വരുമാനം നാലിരട്ടിയായി വർധിക്കുന്ന വ്യവസായങ്ങളും വികസനവും ഒട്ടേറെയായിരുന്നു.
അന്നാ ചാണ്ടിയെ ആദ്യ വനിതാജഡ്ജിയായി നിയമിച്ച അദ്ദേഹം പാവപ്പെട്ട കുട്ടികൾക്കായി ആദ്യത്തെ ഉച്ചഭക്ഷണ പദ്ധതി പ്രാവർത്തികമാക്കി. രാജ്യത്ത് റോഡ് ഗതാഗതം ദേശസാത്കരിച്ച ആദ്യ സംസ്ഥാനം തിരുവിതാംകൂറായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാല, അണ്ണാമല സർവകലാശാല എന്നിവയുടെ വൈസ് ചാൻസലർ, ഇന്ത്യയിലെ പ്രസ് കമ്മിഷൻ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
സ്വതന്ത്ര തിരുവിതാംകൂർ വാദമുന്നയിക്കുകയും അതിനെതിരേ ഉയർന്ന ജനമുന്നേറ്റത്തെ അടിച്ചമർത്തുകയും ചെയ്തു. പുന്നപ്ര-വയലാർ സമരത്തെ തോക്കിൻകുഴലിലൂടെ അടിച്ചൊതുക്കിയതും പേട്ട വെടിവെപ്പും സി.പി.യെന്ന ഭരണാധികാരിയുടെ കറുത്തമുഖമായാണ് വിശേഷിപ്പിക്കപ്പെട്ടത്.
1879 നവംബറിൽ തമിഴ്‌നാട്ടിലെ വടക്ക് ആർക്കാട് ജില്ലയിൽ ജനിച്ച സി.പി. മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് സംസ്കൃതം, ഇംഗ്ലീഷ്, ഗണിതം എന്നിവ അഭ്യസിച്ചു. മദ്രാസ് ലോ കോളേജിൽനിന്ന് സ്വർണമെഡലോടെയാണ് നിയമബിരുദം നേടിയത്. നാടുകടത്തലിനു ശേഷം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ചെന്നൈയിലെ ഒരു ഇംഗ്ലീഷ് പത്രത്തിനെതിരേ നൽകിയ കേസിൽ പ്രതിഭാഗത്തിനു വേണ്ടി വാദിച്ചത് സി.പി.യായിരുന്നു.
16-ാം വയസ്സിൽ അദ്ദേഹം വിവാഹംചെയ്ത സീതമ്മ 1930-ൽ മരിച്ചു. അദ്ദേഹത്തിന്റെ മൂത്തമകൻ സി.ആർ. പട്ടാഭിരാമൻ ലോക്‌സഭാംഗവും 1966-ൽ കേന്ദ്രമന്ത്രിയുമായിരുന്നു. സി.ആർ. വെങ്കിടസുബ്ബൻ, സി.ആർ. സുന്ദരം എന്നിവർ മറ്റു മക്കളാണ്.