ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി പരിണമിച്ച പശ്ചാത്തലത്തിൽ ചൊവ്വാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ചുഴലിക്കാറ്റായി.”ഗുലാബ് “എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിനെത്തുടർന്ന് വടക്കൻ ആന്ധ്രപ്രദേശിലും തെക്കൻ ഒഡീഷ തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി.
ഇന്നു വൈകുന്നേരത്തോടെ ആന്ധ്ര-ഒഡീഷ തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇതു കേരളത്തിൽ മഴ ശക്തമാകാനിടയാക്കും. ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കോ 20 സെന്റിമീറ്ററിനു മുകളിലുള്ള അത്യന്തം തീവ്രമായ മഴയ്ക്കോ സാധ്യതയുണ്ട്. നാളെയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ടാണ്.