അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്‌സിനേഷനില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് 90 ശതമാനം അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ക്ക് സ്പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്താനും തീരുമാനം.
അതേസമയം, സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ തയാറായി . അഞ്ച് ദിവസത്തിനകം അന്തിമ രേഖ തയാറാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. തദ്ദേശ ഗതാഗത വകുപ്പുകളുമായി ആലോചിച്ച് തീരുമാനമെടുക്കും. അതാത് ജില്ലകളില്‍ കളക്ടര്‍മാരുടെ യോഗം വിളിക്കും. സ്കൂള്‍ തല യോഗവും പി.ടി.എ യോഗവും ചേരും.കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. ശരീര ഊഷ്മാവ് കൃത്യമായി പരിശോധിക്കും.
ഒരു ബഞ്ചില്‍ പരമാവധി രണ്ടു പേര്‍ മാത്രം. യൂണിഫോം നിര്‍ബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കും പകരം ഉച്ചഭക്ഷണത്തിനുള്ള അലവന്‍സ് നല്‍കും. സ്കൂളുകള്‍ക്ക് മുന്നിലുള്ള ബേക്കറികളിലും മറ്റും നിന്ന് ഭക്ഷണം കഴിക്കാനും അനുവദിക്കില്ല. സ്കൂളുകളില്‍ കുട്ടികള്‍ എത്തുന്നതില്‍ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും.
ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ സ്കൂളില്‍ എത്തേണ്ടതില്ല. രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ബോധവത്ക്കരണ ക്ലാസുകള്‍ നടത്തും. ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്നും നിര്‍ദേശം. സ്കൂളുകളില്‍ കുട്ടികളെ കൂട്ടുകൂടാന്‍ അനുവദിക്കില്ല. നിലവിലുള്ള സിലബസ് പരിഷ്‌കരിക്കും തുടങ്ങിയ കാര്യങ്ങള്‍ മാര്‍ഗ രേഖയില്‍ പറയുന്നു.