ഇന്ത്യ– പസിഫിക് മേഖലയിൽ സാമ്പത്തിക വികസന സഹകരണത്തിലൂന്നിയ പദ്ധതികൾ ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടി ആവിഷ്കരിച്ചു. കോവിഡ് വാക്സീൻ വിതരണവും 5ജി അടക്കം സാങ്കേതിക വിദ്യാ സഹകരണവും കാലാവസ്ഥാ വ്യതിയാനവും ചർച്ച ചെയ്തു. ചൈനയെ പ്രതിരോധിക്കാൻ ഓസ്ട്രേലിയയ്ക്കു ആണവ മുങ്ങിക്കപ്പലുകൾ നൽകാനുള്ള യുകെ–യുഎസ് കരാർ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നീടുമ്പോഴാണു ക്വാഡ് ഉച്ചകോടി യുഎസ് വിളിച്ചുകൂട്ടിയത്. ചൈനയുടെ മേധാവിത്വം ചെറുക്കുകയാണു ഉച്ചകോടിയുടെ മുഖ്യലക്ഷ്യം.ഇന്നലെ ഇന്ത്യ–യുഎസ് ഉഭയകക്ഷി ചർച്ചയ്ക്കുശേഷമാണു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്ട്രേലിയ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവർ പങ്കെടുത്ത ഉച്ചകോടി തുടങ്ങിയത്. നേരത്തേ മോദിയുമായി പ്രത്യേക ചർച്ച നടത്തിയ ബൈഡൻ, സുഗയുമായും മോറിസണുമായും ചർച്ച നടത്തി.
കഴിഞ്ഞ മാർച്ചിൽ വെർച്വലായി നടന്ന ക്വാഡ് ഉച്ചകോടി ഏഷ്യയിൽ അടുത്ത വർഷത്തോടെ 100 കോടി കോവിഡ് വാക്സീൻ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, രണ്ടാം തരംഗം വ്യാപിച്ചതോടെ ഏപ്രിലിൽ ഇന്ത്യ വാക്സീൻ കയറ്റുമതി നിർത്തിവച്ചു. അടുത്ത മാസം പകുതിയോടെ വാക്സീൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് വാക്സീൻ കയറ്റുമതി പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായും കമല ഹാരിസ് കൂടിക്കാഴ്ച നടത്തി.