വിചാരണക്കോടതികളില്‍ പോക്സോ കേസുകളിലുള്‍പ്പെടെ പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടാകുന്ന ഗുരുതരമായ വീഴ്ചകളില്‍ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനം കുറ്റമറ്റതാക്കാന്‍ ഈ വിഷയം സ്വമേധയാ ഹര്‍ജിയായി പരിഗണിക്കുന്നതിനും ഹൈക്കോടതി തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാരിനു പുറമെ ആഭ്യന്തര വകുപ്പ് സെക്രട്ടറി, സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതിയിലെ ജില്ലാ ജുഡീഷറി രജിസ്ട്രാര്‍ എന്നിവരെയും ഹര്‍ജിയില്‍ കക്ഷിയാക്കാനും ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സിയാദ് റഹ്മാന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ക്രിമിനല്‍ നടപടി ചട്ടപ്രകാരം സെഷന്‍സ് ജഡ്ജിയുമായി കൂടിയാലോചിച്ച് ജില്ലാ കളക്ടര്‍മാര്‍ നല്കുന്ന പാനലില്‍നിന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത്. ഇവരുടെ നിയമനം സര്‍ക്കാരിന്റെ അധികാരമാണെങ്കിലും ഇക്കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം സര്‍ക്കാരിനില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനത്തിനു രാഷ്ട്രീയ ബന്ധമുള്ളതിനാല്‍ കളക്ടര്‍മാര്‍ക്ക് പലപ്പോഴും മികച്ച പാനല്‍ തയാറാക്കാന്‍ കഴിയുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. പ്രോസിക്യൂഷന്റെ ഭാഗത്തെ വീഴ്ചകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി അറിയിക്കാനും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഡിവിഷന് ബെഞ്ച് പരിഗണിച്ച രണ്ടു ക്രിമിനല്‍ കേസുകളിലെ അപ്പീലുകളാണ് ഹര്‍ജിക്ക് കാരണം. പെരുമ്പാവൂരില്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കി ഇവരെ വെറുതേ വിട്ടതാണ് ഒരു കേസ്.
പ്രതികള്‍ തട്ടിയെടുത്ത കാര്‍ കണ്ടെടുത്തെങ്കിലും കളവു പോയ കാര്‍ തന്നെയാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നില്ല. മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കാനും പ്രോസിക്യൂഷനു കഴിഞ്ഞില്ല.
ഇതിനാല്‍ പോക്സോ നിയമപ്രകാരമുള്ള കുറ്റം റദ്ദാക്കേണ്ടി വന്നു. പക്ഷേ പീഡിപ്പിച്ചതിനു തെളിവുള്ളതിനാല്‍ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇരു കേസുകളിലും പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ വീഴ്ചകളില്‍ ഡിവിഷന് ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.