22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വാതിൽപടി സേവനം: പണം കണ്ടെത്താൻ സംഭാവന, മേളകൾ.
Kerala

വാതിൽപടി സേവനം: പണം കണ്ടെത്താൻ സംഭാവന, മേളകൾ.

തദ്ദേശ സ്ഥാപനങ്ങളുടെ വാതിൽപടി സേവനം നടപ്പാക്കാൻ സംഭാവന പിരിച്ചും മേളകളും മറ്റും സംഘടിപ്പിച്ചും പണം കണ്ടെത്തണമെന്നു സർക്കാർ നിർദേശിച്ചു. സർക്കാരിന്റെ പ്രധാനനേട്ടമായി അവതരിപ്പിച്ച പദ്ധതിക്കാണു പ്രത്യേക ഫണ്ട് നീക്കിവയ്ക്കാതെ ജനങ്ങളിൽ നിന്നു കണ്ടെത്താനുള്ള നിർദേശം.

വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്തവർക്കു പെൻഷനുള്ള മസ്റ്ററിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ സഹായത്തിനുള്ള അപേക്ഷ, ലൈഫ് സർട്ടിഫിക്കറ്റ്, മരുന്ന് തുടങ്ങിയ സേവനങ്ങൾ അക്ഷയ സംരംഭകരും സന്നദ്ധപ്രവർത്തകരും വീട്ടിലെത്തി നൽകുന്ന പദ്ധതിയാണിത്. 50 തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.

പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വരെയും മുനിസിപ്പാലിറ്റികൾക്ക് 2 ലക്ഷം വരെയും കോർപറേഷനുകൾക്ക് 5 ലക്ഷം വരെയും വാതിൽപടി സേവനത്തിനായി സ്വന്തം ഫണ്ടിൽ നിന്നു ചെലവഴിക്കാം.

എന്നാൽ, പ്രാരംഭഘട്ടത്തിൽ പദ്ധതിക്കാവശ്യമായ ലാപ്ടോപ്, ബയോമെട്രിക് ഉപകരണങ്ങൾ, വാഹനത്തിനുള്ള ഇന്ധനം തുടങ്ങിയ ആവശ്യങ്ങൾക്കു മാത്രമേ ഈ തുക വിനിയോഗിക്കാൻ പാടുള്ളൂ. സന്നദ്ധപ്രവർത്തകർക്കുള്ള വേതനം നൽകാൻ സംഭാവനയിലൂടെയും കല, കായിക, വിനോദ, സാംസ്കാരിക, വാണിജ്യമേളകൾ നടത്തിയും പണം കണ്ടെത്തണം. ഇതുൾപ്പെടെ നിർദേശങ്ങള‍ടങ്ങിയ മാർഗരേഖ തദ്ദേശവകുപ്പ് അംഗീകരിച്ചു.

രേഖയിലെ പ്രധാന നിർദേശങ്ങൾ

∙ മസ്റ്ററിങ്ങിന് 30 രൂപയും പെൻഷൻ അപേക്ഷയ്ക്ക് 50 രൂപയും സന്നദ്ധ പ്രവർത്തകനുള്ള സേവനനിരക്ക്

∙ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയ്ക്ക് 20 രൂപ

∙ ഉദ്യോഗസ്ഥന്റെ അടുത്തെത്തിച്ചോ, ഉദ്യോഗസ്ഥനെ വീട്ടിൽ എത്തിച്ചോ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 30 രൂപ

∙ യാത്രയ്ക്ക് ഇന്ധനച്ചെലവായി കിലോമീറ്ററിന് 5 രൂപ നിരക്ക്.

∙ വാഹനം ഏർപ്പാടാക്കേണ്ടി വന്നാൽ അംഗീകൃത നിരക്ക്.

∙ സ്വന്തം വാഹനത്തിൽ എത്തുന്നതിനു കിലോമീറ്ററിന് 5 രൂപ. ടാക്സിയാണെങ്കിൽ അംഗീകൃത നിരക്ക്.

∙ അക്ഷയ സംരംഭകർക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് നൽകണം.

∙ 7 ദിവസത്തിനകം സേവനത്തിന്റെ തുക സന്നദ്ധ പ്രവർത്തകന്റെ അക്കൗണ്ടിൽ നൽകണം.

∙ സംഭാവന നിക്ഷേപിക്കാൻ അധ്യക്ഷന്റെയും കോ–ഓർഡിനേറ്ററുടെയും പേരിൽ സംയുക്ത ബാങ്ക് അക്കൗണ്ട് വേണം. വരവ്, ചെലവ് കണക്കുകൾ തദ്ദേശസ്ഥാപന കമ്മിറ്റി, ധനകാര്യ സ്ഥിരം സമിതി, ഓഡിറ്റ് പരിശോധനയ്ക്കു വിധേയം.

∙ മരുന്ന് വാങ്ങാൻ ശേഷിയില്ലാത്തവർക്കു മരുന്നു കമ്പനികളിൽ നിന്നു സൗജന്യമായി മരുന്നു സംഘടിപ്പിച്ച് എത്തിക്കണം.

∙ ഗുണഭോക്താക്കളുടെയും സംഭാവന നൽകിയവരുടെയും വിവരം, വരവു ചെലവു കണക്ക് എന്നിവ ഗ്രാമ, വാർഡ് സഭകളിൽ അറിയിക്കണം.

Related posts

വാഹനങ്ങളിലെ രൂപമാറ്റം, മാര്‍ഗരേഖയുമായി മോട്ടോര്‍ വാഹന വകുപ്പ്

Aswathi Kottiyoor

ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

മെഡിക്കൽ ഷോപ്പുകളിൽ നികുതി വകുപ്പ് പരിശോധന; 166 പേർക്ക് പിഴ

Aswathi Kottiyoor
WordPress Image Lightbox