നവംബർ ഒന്നിനു സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിവിധ വകുപ്പുകളും സംഘടനകളുമായി ചർച്ച നടത്തി വിശദ റിപ്പോർട്ടും തുടർന്നു മാർഗരേഖയും തയാറാക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാരും പൊതു വിദ്യാഭ്യാസ ഡയറക്ടറും അടങ്ങുന്ന സമിതിയാകും വിശദ പഠനത്തിനു ശേഷം റിപ്പോർട്ടും അതിന്റെ അടിസ്ഥാനത്തിൽ മാർഗരേഖയും തയാറാക്കുക. മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
തുടക്കത്തിൽ ഉച്ചവരെ ക്ലാസ് മതിയെന്നാണു നിർദേശം. പകുതി വിദ്യാർഥികൾ വീതമുള്ള ഓരോ ബാച്ചിനും ആഴ്ചയിൽ 3 ദിവസം വീതം ക്ലാസ് നടത്താമെന്നും അഭിപ്രായം ഉയർന്നു. ഇതു നടപ്പാക്കിയാൽ അധ്യാപകർ 6 ദിവസം ക്ലാസ് എടുക്കണം. ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ വിദ്യാർഥികൾ മതിയെന്നാണു മറ്റൊരു നിർദേശം. ഒരു ബാച്ചിനു ക്ലാസ് എടുക്കുമ്പോൾ വീട്ടിലിരിക്കുന്ന രണ്ടാമത്തെ ബാച്ചിന് ഓൺലൈനായി അതു കാണാനുള്ള സൗകര്യം ഒരുക്കുന്നതും പരിഗണനയിലുണ്ട്