എല്ലാ വിഭാഗം ജനങ്ങള്‍ക്കും വൈദ്യുതി എത്തിക്കാന്‍ സാധിച്ചത് വൈദ്യുതി ബോര്‍ഡ് പൊതുമേഖലയില്‍ ആയതിനാലാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പുതുതായി നിര്‍മിച്ച ഗിരിനഗര്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ നയപ്രകാരം എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സമയബന്ധിതമായി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കേണ്ടിവരും. അതോടുകൂടി വൈദ്യുതി ചാര്‍ജ് മുന്‍കൂറായി അടയ്ക്കേണ്ട സാഹചര്യമുണ്ടാകും.
മറ്റു സംസ്ഥാനങ്ങളും വൈദ്യുതി ബോര്‍ഡിനെ വിഭജിച്ചു. എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് കെഎസ്ഇബിയെ ഒരു കമ്പനിയായി നിലനിര്‍ത്തിയിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിനെ ലാഭകരമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി 40 ശതമാനം സബ്സിഡിയില്‍ പുരപ്പുറ സോളാര്‍ പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയിലൂടെ രണ്ടു വര്‍ഷം കൊണ്ട് ഗുണഭോക്താവിനു മുടക്കുമുതല്‍ തിരികെ ലഭിക്കും. ഇതു വഴി അധിക വരുമാനം ലഭിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.