കോവിഡിനെ തുടർന്ന് ഒന്നരവർഷമായി അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനു തുറക്കുന്നതിനു മുന്നോടിയായുള്ള തയാറെടുപ്പിനായി വിദ്യാഭ്യാസ- ആരോഗ്യ മന്ത്രിമാരുടെ നേത്യത്വത്തിൽ വ്യാഴാഴ്ച ഉന്നതതലയോഗം ചേരും. കുട്ടികൾക്ക് പൂർണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്കൂൾ തുറക്കാനുള്ള തയാറെടുപ്പ് വിപുലമായി നടക്കുകയാണ്. കോളജുകൾ, സ്കൂളുകൾ എന്നിവ തുറക്കുന്ന സാഹചര്യത്തിൽ യാത്രാവേളയിൽ കുട്ടികളുടെ സുരക്ഷസംബന്ധിച്ച് ആവശ്യമായ പദ്ധതികൾ തയാറാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാലയങ്ങൾക്ക് സമീപമുള്ള അശാസ്ത്രീയ പാർക്കിംഗ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. വിദ്യാലയങ്ങൾക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടാൻ ആരേയും അനുവദിക്കില്ല. ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് സ്റ്റേഷൻ തലത്തിൽ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.