സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിതരണത്തിന് നിലവിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നിരുന്നാലും തത്ക്കാലം വിതരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ ഭക്ഷ്യകിറ്റ് മുൻഗണനാ വിഭാഗങ്ങൾക്ക് നൽകിയാൽ മതിയെന്ന അഭിപ്രായം ഉയരുന്നുണ്ട്. വിശദമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല. വിതരണം ചെയ്യുന്നതിന് സാമ്പത്തിക പ്രശ്‌നങ്ങൾ നമ്മുടെ മുന്നിലുണ്ട്. അത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ തീരുമാനങ്ങൾ എടുക്കും. മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രം കൊടുത്താൽ പോരെ എന്നുള്ള ചർച്ചകൾ പല കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്. സർക്കാർ എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ടാണ് ഈ കൊവിഡ് കാലത്ത് ജനങ്ങളെ സംരക്ഷിക്കാൻ ഇത്തരം പദ്ധതികൾ ആരംഭിച്ചത്. അതിലൊരു വേർതിരിവും ഇതുവരെ കാണിച്ചിട്ടില്ല.’- അദ്ദേഹം പറഞ്ഞു.