മുട്ടോളമെത്തുന്ന ഒറ്റമുണ്ട് തറ്റുടുത്തും മറ്റൊരു മുണ്ട് പുതച്ചും തല മുണ്ഡനം ചെയ്തും നമുക്കു ചിരപരിചിതമായ രൂപത്തിലേക്കു മഹാത്മാ ഗാന്ധി മാറിയിട്ട് 100 വർഷം. മധുരയിൽ എടുത്ത ആ ‘വസ്ത്രവിപ്ലവ തീരുമാന’ത്തിന്റെ ശതാബ്ദി ഇന്നു നടക്കും. മധുര മ്യൂസിയം അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഗാന്ധിജിയുടെ ചെറുമകൾ താര ഗാന്ധി ഭട്ടാചാര്യ മുഖ്യാതിഥിയാകും. ഇന്നലെ മധുരയിലെത്തിയ താര, ഗാന്ധിജിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി.
‘അർധനഗ്നനായ ഫക്കീർ’ എന്ന് അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പരിഹസിച്ച ആ വേഷമാണ്, ഇന്ത്യയൊട്ടാകെയുള്ള സാധാരണക്കാരുടെ മനസ്സ് സ്വന്തമാക്കാൻ ഗാന്ധിജിക്കു കരുത്തായത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി 1921 സെപ്റ്റംബർ 22നു രാത്രി മധുരയിലെത്തിയപ്പോഴായിരുന്നു ഒറ്റമുണ്ടിലേക്കു മാറാൻ തീരുമാനിച്ചത്. പിറ്റേന്നു രാവിലെ കാമരാജ് ശാലയിൽ നെയ്ത്തുകാരുടെ യോഗത്തിൽ പുതിയ വേഷത്തിൽ എത്തുകയും ചെയ്തു.