ലോക്ഡൗണിൽ അടച്ചു പൂട്ടിയ സർക്കാർ ഓഫിസുകൾ അടക്കമുള്ള സ്ഥാപനങ്ങൾ തുറന്നതിനെ തുടർന്നു സ്ഥിരം യാത്രക്കാരുടെ എണ്ണം ഉയർന്നിട്ടും പാസഞ്ചർ ട്രെയിൻ സർവീസും സീസണ് ടിക്കറ്റും പുനഃസ്ഥാപിക്കാതെ റെയിൽവേയുടെ ഒളിച്ചു കളി.
യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നിട്ടും റിസർവേഷൻ ടിക്കറ്റ് മാത്രമാക്കി പരിമിതപ്പെടുത്തിയതോടെ സ്ഥിരം യാത്രക്കാർക്ക് അടക്കം പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണിപ്പോൾ. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണു പാസഞ്ചർ ട്രെയിൻ സർവീസും സീസണ് ടിക്കറ്റും പുനഃസ്ഥാപിക്കാൻ തടസമാകുന്നതെന്നാണു റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.
സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും അടക്കം പൂർണതോതിൽ തുറന്നതോടെ യാത്രക്കാരുടെ എണ്ണം 80 ശതമാനത്തിലേറെയായതായാണു റെയിൽവേയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കോളജുകളും സ്കൂളുകളും കൂടി തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കോവിഡിനു മുൻപുള്ളതുപോലെ ആകും.
എന്നിട്ടും, ലോക്ഡൗണ് കാലത്തേതു പോലെ സ്പെഷൽ ട്രെയിനുകൾ മാത്രമാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. ഇതിലാകട്ടെ റിസർവ്ഡ് ടിക്കറ്റുള്ളവർക്കു മാത്രമാണു യാത്ര ചെയ്യാനാകുക. കോവിഡിനെ തുടർന്നു ഒന്നര വർഷം മുൻപാണ് സീസണ് ടിക്കറ്റും പാസഞ്ചർ ട്രെയിനും സർക്കാർ നിർദേശ പ്രകാരം റെയിൽവേ നിർത്തലാക്കിയത്.
കോവിഡിനെ തുടർന്നു സാന്പത്തികമായി തകർന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർ അടക്കം ദിവസേന വൻതുക ടിക്കറ്റ് ഇനത്തിൽ നൽകിയാണ് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. റിസർവേഷൻ ചാർജ് അടക്കം നൂറുകണക്കിനു രൂപയാണ് പ്രതിദിനം ഇതിനായി നീക്കിവയ്ക്കേണ്ടി വരുന്നത്.
വ്യാപകമായ തൊഴിൽ നഷ്ടം നേരിടേണ്ടി വരുന്ന സമൂഹത്തിൽ തൊഴിൽ ചെയ്യാൻ വേണ്ടി സഞ്ചരിക്കുന്ന ആയിരക്കണക്കിനു പേർക്ക് ഇരുട്ടടി നൽകുന്നതാണ് സീസണ് ടിക്കറ്റ് പുനഃസ്ഥാപിക്കാത്ത റെയിൽവേയുടെയും സംസ്ഥാന സർക്കാരിന്റെയും സമീപനമെന്ന വിമർശനവും ഉയരുന്നു.
തിരക്കേറിയ സമയങ്ങളിൽ സർവീസ് നടത്തുന്ന ഇന്റർസിറ്റി, വഞ്ചിനാട്, പരശുറാം, വേണാട് തുടങ്ങിയ ട്രെയിനുകളിൽ സ്ഥിരം യാത്രക്കാർക്കു ടിക്കറ്റു പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. തലേ ദിവസം റിസർവ് ചെയ്താൽ പോലും വെയിറ്റിംഗ് ലിസ്റ്റിൽ ഇടം പിടിക്കുന്ന സാഹചര്യമാണുള്ളത്.
സ്ത്രീ ജീവനക്കാർ അടക്കമുള്ളവർക്ക് ഇതു സൃഷ്ടിക്കുന്നതു കടുത്ത ദുരിതമാണ്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ട്രെയിനുകളിൽ റിസർവ്ഡ്സ് കോച്ചുകൾക്കൊപ്പം ജനറൽ കോച്ചുകൾ കൂടി ഏർപ്പെടുത്തിയാൽ മാത്രമേ ഇപ്പോഴത്തെ യാത്രാ ദുരിതത്തിന് പരിഹാരം കാണാനാകൂ.
അതതു സംസ്ഥാനങ്ങളുടെ നിർദേശവും കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചു മാത്രമേ സർവീസ് ക്രമീകരണം ഒരുക്കാവൂ എന്നാണ് റെയിൽവേ ബോർഡ് നൽകിയിട്ടുള്ള നിർദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന സമിതിയുടെ വ്യക്തമായ നിർദേശം ലഭിച്ചാൽ മാത്രമേ ജനങ്ങളുടെ യാത്രാദുരിതം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളുവെന്നാണ് റെയിൽവേ ഉന്നതർ പറയുന്നത്.
അവലോകന യോഗങ്ങളിൽ യാത്രക്കാർ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
സംസ്ഥാനത്തെ ഒന്നോ രണ്ടോ മേഖലകളിൽ മെമു സർവീസ് പുനരാരംഭിച്ചെങ്കിലും ഇതിൽ എക്സ്പ്രസ് ട്രെയിനിന്റെ നിരക്ക് ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണ്. കൊല്ലം- തിരുവനന്തപുരം മേഖലയിലാകട്ടെ റെയിൽവേ ജീവനക്കാർക്കു മാത്രമായാണ് മെമു സർവീസ് നടത്തുന്നത്. യാത്രക്കാരെ ഇതിൽ കയറ്റുന്നില്ല. ഇതുമൂലം പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടവും സൃഷ്ടിക്കുന്നുണ്ട്.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 50 പാസഞ്ചറുകളാണുണ്ടായിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ സബർബൻ സർവീസുകൾ ആരംഭിച്ചിരുന്നു. പാസഞ്ചേഴ്സ് അസോസിയേഷനുകൾ എംപിമാരുടെ ശ്രദ്ധയിൽ വിഷയം പെടുത്തിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതി ഉയരുന്നു.