22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോവിഡ്: രാജ്യത്ത് പുതിയ കേസുകള്‍ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍.
Kerala

കോവിഡ്: രാജ്യത്ത് പുതിയ കേസുകള്‍ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍.

രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടു ചെയ്ത പുതിയ കോവിഡ് കേസുകള്‍ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഞായറാഴ്ച അവസാനിച്ച ആഴ്ചയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 2.04 ശതമാനത്തില്‍ തുടരുകയാണ്. കഴിഞ്ഞ 84 ദിവസമായി മൂന്നില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. 97.68 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. തുടര്‍ച്ചയായ 84 ദിവസങ്ങളായി 50,000-ല്‍ താഴെയാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പുതിയ രോഗികള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പുതിയ കേസുകളും 309 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 3,32,158 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ കൂട്ടംചേരുന്ന സാഹചര്യം ഉണ്ടായെങ്കിലും കേസുകള്‍ കുറഞ്ഞത് ആശ്വാസം നല്‍കുന്നതാണ്.

അതിനിടെ, ഡല്‍ഹിയില്‍ ഞായറാഴ്ച ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഓരോരുത്തര്‍ വീതമാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 28 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

അതിനിടെ, യുപിയിലെ പ്രാദേശിക ബിജെപി നേതാവിന് അഞ്ച് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തതായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആരുടെയെങ്കിലും കുസൃതിയോ ഗൂഢാലോചനയോ ആകാം ഇതിനു പിന്നിലെന്നാണ് അധികൃതര്‍ പറയുന്നത്.

ബിജെപി ബൂത്ത് പ്രസിഡന്റും ഹിന്ദു യുവ വാഹിനി അംഗവുമായ റാംപാല്‍ സിങ്ങി (73) നാണ് അഞ്ച് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ആറാമത്തെ ഡോസ് 2021 ഡിസംബറിനും 2022 ജനുവരിക്കുമിടെ എടുക്കണമെന്നും സര്‍ട്ടിഫിക്കറ്റിലുണ്ട്. ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച റാംപാല്‍ സിങ് അധികൃതര്‍ക്ക് പരാതി നല്‍കി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് കരുതുന്നതെന്നും രണ്ടിലധികം തവണ രജിസ്റ്റര്‍ ചെയ്തതാകാം ഇതിന് കാരണമെന്നും അധികൃതര്‍ പറഞ്ഞു.

Related posts

ശബരിമലയ്ക്ക് 340 ബസ്സുകളുമായി കെ.എസ്.ആർ.ടി.സി

Aswathi Kottiyoor

മൺസൂൺ വിൽപ്പന ലക്ഷ്യമിട്ട്‌ ആറളം ഫാം നഴ്‌സറിയിൽ ഒന്നേകാൽലക്ഷം തെങ്ങിൻ തൈകൾ തയ്യാർ

Aswathi Kottiyoor

2.30 രൂപയും 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വക: ധനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox