പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവനിലായിരുന്നു ചടങ്ങ്. അതേസമയം നേതൃത്വവുമായി അകന്ന മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല.
പഞ്ചാബിന്റെ ആദ്യ ദളിത് സിഖ് മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിങ് ചന്നി. ചണ്ഡീഗഢിലും ഡല്‍ഹിയിലും രാത്രിയും പകലും നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ചരണ്‍ജിതിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് പിന്നാലെ ഇന്നലെ ചന്നി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ചിരുന്നു.
നിയമസഭയില്‍ ചാംകൗര്‍സാഹിബ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ചന്നി അമരീന്ദര്‍ മന്ത്രിസഭയില്‍ ടൂറിസം-സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. പിസിസി പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ദുവിനൊപ്പം ചേര്‍ന്ന് അമരീന്ദറിനെ പുറത്താക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ചരണ്‍ജിത് സിങ് ചന്നി മുഖ്യമന്ത്രിയാകുന്നതോടെ 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകള്‍ അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാലു മാസം കാലാവധിയാണ് ചന്നിക്ക് ലഭിക്കുക.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി പ്രസിഡന്റുമായ സുനില്‍ ഝക്കറുടെ പേരാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത്. എന്നാല്‍, ഹിന്ദു ജാട്ട് വിഭാഗക്കാരനായ ഝക്കര്‍ മുഖ്യമന്ത്രിയാകുന്നതിനോട് അംബികാ സോണി അടക്കമുള്ള എംപിമാര്‍ വിയോജിച്ചു. നിരവധി എംഎല്‍എമാരും എതിര്‍പ്പുമായെത്തി. മുഖ്യമന്ത്രിയായി സുഖ്ജിന്ദര്‍ സിങ് രന്‍ധാവയെ പരിഗണിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. വീണ്ടും തമ്മിലടിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി ചന്നിയുടെ പേര് നിര്‍ദേശിക്കപ്പെടുകയായിരുന്നു.