കണ്ണൂർ: ജില്ലയില്‍ ലൈഫ് മിഷന് പദ്ധതിയില്‍ നൂറുദിനം കൊണ്ട് പൂര്‍ത്തീകരിച്ച 310 വീടുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ചു. ജില്ലയില്‍ 40 ലേറെ തദ്ദേശ സ്ഥാപനങ്ങളില്‍ താക്കോല്‍ദാനം നടന്നു. ലൈഫ് മിഷന് പദ്ധതിയിലൂടെ ജില്ലയില്‍ മൂന്നു ഘട്ടത്തിലായി 10,306 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഒന്നാംഘട്ടമായ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണത്തില്‍ 97ശതമാനവും ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ഭവനനിര്‍മാണം എന്ന രണ്ടാം ഘട്ടത്തില്‍ 96 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനനിര്‍മാണം ഉറപ്പാക്കുന്ന മൂന്നാം ഘട്ടത്തില്‍ ഭൂമി ലഭിച്ച ഗുണഭോക്താക്കള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ട് ഭവനനിര്‍മാണം ആരംഭിച്ചിട്ടുണ്ട്.
ഇരിട്ടി: നഗരസഭയിൽ പൂർത്തീകരിച്ച 19 വീടുകളുടെ താക്കോൽദാനം നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. എ. കെ. രവീന്ദ്രൻ, കെ. സുരേഷ്, പി. കെ. ബൽകീസ്, കെ.സോയ, ടി.കെ. ഫസീല, വി.ശശി, പി.ഫൈസൽ , എൻ.സിന്ധു, കെ.കെ. കുഞ്ഞിരാമൻ, ദീപ,പി. എം. രാജൻ എന്നിവർ പ്രസംഗിച്ചു.
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭാ ഹാളില്‍ ടി.ഐ. മധുസൂദനന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ കെ.വി. ലളിത അധ്യക്ഷയായിരുന്നു.