26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കേരളം മൊബൈൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിട്ട് 25 വർഷം .
Uncategorized

കേരളം മൊബൈൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിട്ട് 25 വർഷം .

1996 സെപ്റ്റംബർ 17

കൊച്ചിയിലെ ഹോട്ടൽ അവന്യു റീജന്റിലിരുന്ന് സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള ദക്ഷിണമേഖലാ നാവി‍കസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടാൻഡനെ ഫോണിൽ വിളിച്ചു. കേരളത്തിന്റെ ആശയവിനിമയ ചരിത്രത്തിലെ പുതിയ വിളിയുടെ തുടക്കമായിരുന്നു അത്; കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സർവീസായ എസ്കോട്ടെലിന്റെ ഉദ്ഘാടനം. ഇന്ന്, കേരളം മൊബൈൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിട്ട് 25 വർഷം തികയുന്നു.

∙ കാൽ നൂറ്റാണ്ടിന്റെ മാറ്റം

1996 ൽ മൊബൈൽ ഫോൺ ഒരു ആഡംബര വസ്തുവായിരുന്നു. ഒരു ഫോണിന് ഏകദേശം 40,000– 50,000 രൂപ വില (ഇന്നത്തെ 2 ലക്ഷം രൂപയുടെ മൂല്യം). ഇഷ്ടികയോളം വലിപ്പം. ഇന്ന് 4000 രൂപ മുതൽ സ്മാർട്ഫോണുകൾ സുലഭം. സ്മാർടാകുന്നതിനെപ്പറ്റി സ്വപ്നം പോലും കണ്ടിട്ടില്ലാത്ത അന്നത്തെ ഫോണുകളിൽ വിളിക്കാനുള്ള സൗകര്യം മാത്രമാണുണ്ടായിരുന്നത്. കോൾ ചെയ്യുന്നയാൾ (ഔട്ട്ഗോയിങ്) 16 രൂപയും സ്വീകരിക്കുന്നയാൾ (ഇൻകമിങ്) 8 രൂപയും നൽകിയാണ് ഒരു മിനിറ്റ് സംസാരിച്ചത്. ഒരു മിനിറ്റ് സംസാരിക്കാൻ 24 രൂപ ചെലവ്.2003 ൽ മൊബൈലിൽ നിന്ന് മൊബൈലിലേക്കുള്ള ഇൻകമിങ് കോൾ സൗജന്യമാക്കിയപ്പോൾ അതൊരു വഴിത്തിരിവായി. സ്മാർട്ഫോൺ വിപ്ലവത്തോടെ വിളിയുടെ വില കുറഞ്ഞു. സർവസജ്ജമായ ആപ്പുകൾ എത്തിയതോടെ വീടുകളിൽ നിന്ന് റേഡിയോയും കാൽകുലേറ്ററും അലാം ക്ലോക്കും ഉൾപ്പെടെ അനേകം ഉപകരണങ്ങൾ അപ്രത്യക്ഷമായി. ഇന്ന്, പഠനം മുതൽ സിനിമ കാണൽ വരെ ഫോണിലായി, മൊബൈൽ ഡേറ്റ മുഖ്യമായി; കോളുകൾ സൗജന്യമായി.

10 വർഷത്തിനിടയിൽ 1.12 കോടി കണക്‌ഷൻ

10 വർഷത്തിനിടെ മാത്രം കേരളത്തിൽ 1.12 കോടി മൊബൈൽ കണക്‌ഷനുകളുടെ വർധനയാണ് ഉണ്ടായത്. ഇതിൽ തന്നെ 71 ലക്ഷത്തിന്റെ വർധനയുണ്ടായത് റിലയൻസ് ജിയോ സേവനമാരംഭിച്ച 2016 നു ശേഷം. ഇപ്പോൾ രാജ്യത്താകെയുള്ള മൊബൈൽ കണക്‌ഷനുകളുടെ 3.81 ശതമാനം കേരളത്തിലാണ്. അതേസമയം, ഇക്കാലയളവിൽ ലാൻഡ്‍ലൈൻ (വയർലൈൻ) കണക്‌ഷനുകളിൽ 18.61 ലക്ഷത്തിന്റെ കുറവുണ്ടായി. അതിവേഗ ഇന്റർനെറ്റ് നൽകുന്ന ഫൈബർ കണക്‌ഷനുകൾ എത്തിയതോടെ 2020 ൽ 12.99 ലക്ഷമായിരുന്ന വയർലൈൻ കണക്‌ഷൻ ഇപ്പോൾ 13.47 ലക്ഷമായി വർധിച്ചു.

128 കെബിപിഎസ് ഇന്റർനെറ്റിന് 25 ലക്ഷം രൂപ !

1995 ജൂലൈ 31ന്, അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിങിലിരുന്ന്, ഡൽഹിയിലെ സഞ്ചാർ ഭവനിലെ കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇന്ത്യയിൽ മൊബൈൽ സേവനത്തിനു തുടക്കമിട്ടത്. മോദി ടെൽസ്ട്ര എന്ന കമ്പനിയുടേതായിരുന്നു സർവീസ്.

1995 ഓഗസ്റ്റ് 15നാണ് വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് വഴി രാജ്യത്ത് ആദ്യമായി ഇന്റർ‌നെറ്റ് എത്തുന്നത്. അന്ന് സെക്കൻഡിൽ 9.6 കിലോബൈറ്റ് (കെബിപിഎസ്) എന്ന ഒച്ചിഴയും വേഗമുള്ള ഡയൽ അപ് കണക്‌ഷനു പ്രതിവർഷം അടയ്ക്കേണ്ടിയിരുന്നത് 5,000 രൂപയാണ്. വാണിജ്യ ആവശ്യങ്ങൾക്കെങ്കിൽ 25,000 രൂപ. പ്രത്യേകമായി വലിക്കുന്ന ലീസ്ഡ് ലൈൻ എങ്കിൽ 25,000 എന്നത് 6 ലക്ഷം രൂപയാകും. 128 കെബിപിഎസ് ആണ് ഏറ്റവും ഉയർന്ന സ്പീഡ്. വാണിജ്യ ആവശ്യമെങ്കിൽ നൽകേണ്ടിയിരുന്നത് പ്രതിവർഷം 25 ലക്ഷം രൂപ. പ്രഫഷനൽസിന് നൽകിയിരുന്നത് 9.6 കെബിപിഎസിന്റെ കണക്‌ഷനായിരുന്നു.

ഇന്ന് രാജ്യത്തെ മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന ശരാശരി വേഗം 17.96 എംബിപിഎസ് ആണ്. ഫിക്സ്ഡ് ബ്രോ‍ഡ്ബാൻഡ് ലൈനുകളിൽ ഇത് 62.45 എംബിപിഎസും. 2014 വരെ 1 ജിബി ഇന്റർനെറ്റ് ഡേറ്റയ്ക്ക് ശരാശരി 225 രൂപയായിരുന്നെങ്കിൽ ഇന്നത് 6.6 രൂപയായി കുറഞ്ഞു.

Related posts

അമിത ജോലി ഭാരം, സമാന്തര ഇൻ്റലിജൻസ് ഉണ്ടാക്കി നിരീക്ഷണം; എഡിജിപിക്കെതിരെ അസോസിയേഷൻ യോഗത്തിൽ വിമർശനം

Aswathi Kottiyoor

കോഴിക്കോട് എടിഎം കൗണ്ടറില്‍ നിന്ന് ഇടപാടുകാർക്ക് ഷോക്കേറ്റു; അടച്ചുപൂട്ടി കൗണ്ടർ

Aswathi Kottiyoor

വിലങ്ങാട് ഉരുൾപൊട്ടൽ: കാണാതായ അധ്യാപകൻ മാത്യുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox