22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിലയിൽ ചാഞ്ചാട്ടം തുടരുമോ; സ്വർണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ അറിയാം.
Kerala

വിലയിൽ ചാഞ്ചാട്ടം തുടരുമോ; സ്വർണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ അറിയാം.

അഞ്ചുമാസത്തെ താഴ്ചയ്ക്കുശേഷം സ്വർണം പ്രഭ വീണ്ടെടുത്തെങ്കിലും കനത്ത ചാഞ്ചാട്ടം നേരിടുകയാണ്. യുഎസ് ഡോളറിന്റെ ശക്തിയിലുണ്ടാകുന്ന വ്യതിയാനവും കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വർധനയുമാണ് സ്വർണത്തെ സ്വാധീനിക്കുന്നത്.

സ്വർണ സൂചികയായ ലണ്ടൻ സ്‌പോട് എക്‌സ്‌ചേഞ്ചിൽ ഔൺസിന് 1833.80 ഡോളർ രേഖപ്പെടുത്തി. മാസത്തിലെ ആദ്യ ആഴ്ച യുഎസിലെ തോട്ടം ഇതരമേഖലയിലെ കണക്കുകൾ പുറത്തു വന്നതോടെയാണ് സ്വർണം തിരിച്ചുവന്നത്. വിവിധോൽപന്ന എക്‌സ്‌ചേഞ്ചായ മുംബൈയിലെ എംസിഎക്‌സിലും നേട്ടമുണ്ടായെങ്കിലും ഇന്ത്യൻ രൂപയുടെ കരുത്ത് മുന്നോട്ടുള്ള കുതിപ്പ് പരിമിതപ്പെടുത്തുകയായിരുന്നു.

ഓഗസ്റ്റ് മാസം റിപ്പോർട്ടു ചെയ്യപ്പെട്ട യുഎസിലെ തോട്ടം ഇതര മേഖലയിലെ കണക്കുകൾ ഏഴുമാസത്തെ ഏറ്റവും കുറഞ്ഞനിലയിൽ, സമ്പദ് ശാസ്ത്രജ്ഞരുടെ പ്രവചനകൾക്കെല്ലാം താഴെയായിരുന്നു. പുതിയ കോവിഡ് കേസുകൾ യുഎസിലെ തൊഴിൽ വളർച്ചാ വീണ്ടെടുപ്പിനെ ബാധിച്ചു. തൊഴിൽ റിപ്പോർട്ടിലെ കുറവ് ആസ്തി വാങ്ങൽ പരിപാടിയിൽ നിന്നുപിന്നോട്ടു പോകാനുള്ള നീക്കം വൈകിപ്പിക്കാൻ അടുത്ത യോഗത്തിൽ യുഎസ് കേന്ദ്ര ബാങ്ക് നയരൂപീകരണ വിദഗ്ധരെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

യുഎസ് തൊഴിൽ വിപണി ഗണ്യമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെങ്കിലും ടാപറിംഗ് നടപടികൾ തീരുമാനിക്കുന്നതിനുമുമ്പ് കൂടുതൽ വളർച്ചയ്ക്കായി ബാങ്ക് കാത്തിരിക്കുകയാണെന്ന് ഏറ്റവും ഒടുവിൽ നടന്ന ജാക്‌സൺ ഹോൾ സിംപോസിയം പ്രഭാഷണത്തിൽ യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ ജെറോം പോവെൽ സൂചിപ്പിക്കുകയുണ്ടായി.

ഉദാര നടപടികൾ തുടരാനുള്ള കേന്ദ്രബാങ്കിന്റെ നീക്കം സ്വർണത്തിന് അനുകൂലമാണ്. വൻതോതിലുള്ള ബോണ്ട് വാങ്ങൽ പദ്ധതി യുഎസ് കേന്ദ്ര ബാങ്ക് ഇടനെ കുറയ്ക്കുമെന്ന കിംവദന്തിയെത്തുടർന്ന് ജൂണിൽ സ്വർണം ഏഴു ശതമാനത്തോളം തിരുത്തൽ വരുത്തുകയുണ്ടായി. എന്നാൽ തൊഴിൽ സൃഷ്ടിക്കുന്നതിലുണ്ടായ കുറവ് പെട്ടെന്നുള്ള നടപടി ഒഴിവാക്കുകയായിരുന്നു.

ഇതിനിടെ അടുത്തപാദത്തോടെ അടിയന്തിര ബോണ്ട് വാങ്ങൽ കുറയ്ക്കുമെന്ന പ്രഖ്യാപനം യൂറോപ്യൻ കേന്ദ്രബാങ്കും നടത്തിയിട്ടുണ്ട്. മഹാമാരിക്കാലത്ത് യൂറോ മേഖലയ്ക്കായി ഏർപ്പെടുത്തിയ അടിയന്തിര സഹായ നടപടികൾ നിർത്താനുള്ള ആദ്യചുവട് കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചു. ഉദാരീകരണ പണനയം കൂടുതൽ കാലത്തേക്കു തുടരുമെന്നു യൂറോപ്യൻ കേന്ദ്ര ബാങ്ക് ജൂലായിൽ സൂചിപ്പിച്ചിരുന്നെങ്കിലും തുടർച്ചയായ പണപ്പെരുപ്പ സമ്മർദ്ദമാണ് തീരുമാനം മാറ്റാൻ ബാങ്കിനെ പ്രേരിപ്പിച്ചത്.

ഓഗസ്റ്റിൽ കരുത്താർജ്ജിച്ച യുഎസ് ഡോളറും കുതിക്കുന്ന ഓഹരികളും യുഎസ് ട്രഷറി യീൽഡിലുണ്ടായ വീണ്ടെടുപ്പും കാരണം സ്വർണം അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. കൂടുതൽ മാരകമായ കോവിഡ് ഡെൽറ്റാ വൈറസിന്റെ വ്യാപനം ഏഷ്യൻ രാജ്യങ്ങളിലെ വിപണിയെ ബാധിക്കുമെന്ന ആശങ്കയാണ് പ്രധാനമായും വിലയിൽ പ്രതിഫലിച്ചത്.

ആറ് പ്രധാന കറൻസികളുമായി തുലനംചെയ്യപ്പെടുന്ന ഡോളർ സൂചിക, ഈവർഷം ശക്തമായാണ് തുടങ്ങിയത്. ആദ്യപാദത്തിൽ 4 ശതമാനം കുതിപ്പുണ്ടായെങ്കിലും മേയ് അവസാനത്തോടെ പിന്നോട്ടടിച്ചു. യുഎസ് സമ്പദ് വളർച്ചയിൽ കൈവന്ന പ്രതീക്ഷയും ഉദാര നടപടികൾ ഉപേക്ഷിക്കുന്നതു സംബന്ധിച്ച വാർത്തകളും സ്വർണത്തിന് വീണ്ടും കരുത്തുപകർന്നു. സ്വർണത്തിന്റെ വിലനിർണയ സംവിധാനം യുഎസ് ഡോളറുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ യുഎസ് കറൻസിയുടെ ഗതിവിഗതികൾ അതിനെ ബാധിക്കും.

ഡോളറിന്റെ ചാഞ്ചാട്ടം മറ്റുകറൻസികളേയും ബാധിക്കും. ഓഗസ്റ്റിൽ യൂറോ എട്ടുമാസത്തെ ഏറ്റവുംവലിയ തിരുത്തലിനാണ് വിധേയമായത്. ഇന്ത്യൻ രൂപ ഡോളറിന് 75 എന്ന നിലയിൽ നിന്ന് ഈയിടെ 73 നിലവാരത്തിലേക്കുതാഴ്ന്നു.

ചെറിയനേട്ടം പ്രതീക്ഷിക്കാമെങ്കിലും സ്വർണത്തിന്റെ സമീപ ഭാവി വിക്ഷുബ്ധമായിരിക്കും. ഈയിടെ നേടിയ ഉയർച്ചയോളമെത്താവുന്ന വിധം അടിസ്ഥാനഘടകങ്ങൾ ശക്തമല്ല. ഡോളറിന്റ ശക്തിയും ഓഹരികളിലെ കുതിപ്പും കാരണം നിക്ഷേപ ഡിമാന്റ് നിലനിൽക്കുക തന്നെ ചെയ്യും. ഇന്ത്യയിലേയും ചൈനയിലേയും ഡിമാന്റും വലിയ മാറ്റമില്ലാതെതുടരും. എങ്കിലും യുഎസ് ഡോളറിന്റെ ഉയർച്ച താഴ്ചകളും, യുഎസ് കേന്ദ്ര ബാങ്കിന്റെ നയപരമായ തീരുമാനങ്ങളും, ആഗോള സാമ്പത്തിക വളർച്ചയും, ബോണ്ട് യീൽഡുമെല്ലാമായിരിക്കും ഇടക്കാലം മുതൽ ദീർഘകാലത്തേക്ക് സ്വർണത്തിന്റെ വിധി നിർണയിക്കുക.

Related posts

*ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തനരഹിതമായാല്‍ ഇനി ആപ്പിനുള്ളില്‍ തന്നെ അറിയിക്കാം.*

Aswathi Kottiyoor

വാക്സീന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരില്‍ ശക്തമായ പ്രതിരോധ പ്രതികരണം.

Aswathi Kottiyoor

ഉറപ്പാക്കി അല്ലലില്ലാത്ത ഓണം ; എല്ലാ കുടുംബത്തിലും സർക്കാരിന്റെ കരുതൽ

Aswathi Kottiyoor
WordPress Image Lightbox