വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കുന്നതിന് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416 ആയി കുറഞ്ഞു.
വിദ്യാകിരണം പദ്ധതി ആരംഭിക്കുന്നതിനുമുമ്പ് ജൂലൈ 26 വരെ ശേഖരിച്ച കണക്കുപ്രകാരം 4,72,445 കുട്ടികൾക്കായിരുന്നു ഉപകരണങ്ങൾ ആവശ്യമുണ്ടായിരുന്നത്. ആഗസ്റ്റ് നാലിന് പദ്ധതിയുടെ പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിനുശേഷം 1,02,029 കുട്ടികൾക്ക് ഒന്നരമാസത്തിനകം ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പോർട്ടൽ വഴിയുള്ള പർച്ചേസ് നടപടികൾ ആരംഭിക്കുന്നതിനുമുമ്പുതന്നെ 21.5 ശതമാനം കുട്ടികൾക്കും സാമൂഹപങ്കാളിത്തത്തോടെ ഉപകരണങ്ങൾ ലഭിച്ചത് പദ്ധതിയെ പൊതുസമൂഹം നെഞ്ചേറ്റി എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വിദ്യാകിരണം പോർട്ടൽ (vidyakiranam.kerala.gov.in) വഴി പൊതുജനങ്ങൾക്കും കമ്പനികൾക്കും സ്‌കൂളുകൾ തിരിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചും ആവശ്യമുള്ള കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ സംഭാവന ചെയ്യാനാകും. ഇഷ്ടമുള്ള തുകയും പോർട്ടൽ വഴി നൽകാം. പണം നൽകുന്നവർക്ക് ആദായനികുതി ഇളവുണ്ട്. മുഴുവൻ കുട്ടികൾക്കും എത്രയും പെട്ടെന്ന് ഉപകരണങ്ങൾ ലഭ്യമാക്കി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.