ആറുകൊല്ലം വിജയകരമായി മുന്നോട്ടുപോയിരുന്ന കരുതൽശേഖരം തീർന്നതോടെ പയറുവർഗങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താനാവാതായി. വിളവെടുപ്പുസ്ഥലങ്ങളിൽ കേന്ദ്രസർക്കാരിന്റെ സംഭരണവും നടക്കാത്തതിനാൽ കുത്തകകൾ വലിയതോതിൽ ഇവ വാങ്ങിക്കൂട്ടുകയും ചെയ്യുന്നു.
ഉത്പാദനം കുറഞ്ഞതിന്റെ പേരിൽ പയറുവർഗങ്ങൾ ഇറക്കുമതിചെയ്യാൻ സ്വകാര്യ ഏജൻസികൾക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റം രൂക്ഷമായി ബാധിക്കുന്നവയിൽ ഉപഭോക്തൃസംസ്ഥാനമായ കേരളവുമുണ്ട്.
2014-ൽ വലിയ വിലക്കയറ്റം ഉണ്ടാക്കിയപ്പോൾ കേന്ദ്രസർക്കാർ വിലസ്ഥിരതാഫണ്ട് ഉപയോഗിച്ചാണ് കരുതൽശേഖരം ഉണ്ടാക്കിയത്. വിളവെടുക്കുമ്പോൾ കർഷകരിൽനിന്ന് സർക്കാർ നേരിട്ട് സംഭരിക്കുകയായിരുന്നു. ലോക്ഡൗൺകാലത്ത് പയറുവർഗങ്ങളുടെ ഉപഭോഗം വൻതോതിൽ കൂടി. പല സംസ്ഥാനങ്ങളും ഭക്ഷ്യകിറ്റുകളിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിൽനിന്ന് വൻതോതിൽ വാങ്ങി. ഇതോടെ 12 ലക്ഷം ടൺ ഉണ്ടായിരുന്ന കരുതൽശേഖരം ഗണ്യമായി കുറഞ്ഞു. കോവിഡ്കാലത്ത് ഉത്പാദനവും കുറഞ്ഞതോടെ ഇക്കൊല്ലം മാർച്ചിനുശേഷം ശേഖരം പൂർണമായും ഇല്ലാതായി. കടല മാത്രമാണ് തുച്ഛമായ അളവിൽ അവശേഷിക്കുന്നത്. നാഫെഡാണ് സംഭരണം നടത്തിയിരുന്നത്.
ചെറുപയർ, വൻപയർ, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, കടല എന്നിവയാണ് സംഭരിച്ചിരുന്നത്. കോവിഡ്കാലത്തെ സംഭവങ്ങൾമൂലം പയറുവർഗങ്ങളുടെ വില കിലോയ്ക്ക് ശരാശരി 70-80 എന്ന നിലയിൽനിന്ന് 100-ന് മുകളിലേക്ക് കുതിച്ചു.
ഇപ്പോൾ പൊതുവിപണിയിലെ വില ഇങ്ങനെ:- തുവര (100), ഉഴുന്നുപരിപ്പ് (120), ചെറുപയർ (109), വൻപയർ (85), കടല (90).
സംസ്ഥാനത്ത് പൊതുവിതരണസംവിധാനത്തിലൂടെ വിതരണം ചെയ്യാൻ നാഫെഡിൽനിന്ന് വാങ്ങുമ്പോഴും വിലക്കുറവുണ്ടാവുന്നില്ല. കാരണം സ്വകാര്യ ഏജൻസികളിൽനിന്ന് വാങ്ങിയ സാധനങ്ങളാണ് നാഫെഡിനും നൽകാൻ കഴിയുന്നത്. താങ്ങുവിലയിലും താഴെ പോവുമ്പോഴാണ് സംഭരണം നടത്താനാവുക എന്നതാണ് കേന്ദ്രസർക്കാരിന്റെ മുന്നിലെ തടസ്സം. ഇപ്പോൾ വില കൂടിനിൽക്കുന്നതിനാൽ സ്വകാര്യ കുത്തകകൾക്ക് കർഷകർ വിൽക്കുകയാണ്. സംഭരണത്തിൽനിന്ന് പിൻവാങ്ങിയ സ്ഥിതിക്ക് മ്യാൻമാർ, മലാവി എന്നീ രാജ്യങ്ങളിൽനിന്ന് പയറുവർഗങ്ങൾ ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഇപ്പോൾ നൽകിയിരിക്കുന്നത്.