കര്‍ഷകകുടുംബങ്ങളുടെ കടബാധ്യതക്കണക്കില്‍ ദേശീയതലത്തില്‍ കേരളത്തിന് രണ്ടാംസ്ഥാനം. 2,42,282 രൂപയാണ് കേരളത്തിലെ ഒരു കര്‍ഷകകുടുംബത്തിന്റെ ശരാശരി കടം. ദേശീയ ശരാശരി 74,121 രൂപയാണ്. ദേശീയ ശരാശരിയെക്കാള്‍ രണ്ടിരട്ടി കൂടുതലാണ് കേരളത്തിന്റെ കടം. ആന്ധ്രാപ്രദേശാണ് ഒന്നാമത്. ഇവിടത്തെ ശരാശരി കടം 2,45,554 രൂപയാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.
വര്‍ഷം മുഴുവനും കുടുംബത്തിലെ ഒരാളെങ്കിലും കൃഷിപ്പണിയെടുക്കുന്ന, കൃഷിയില്‍നിന്നുള്ള വരുമാനം കുറഞ്ഞത് 4000 രൂപയുള്ളവരെയാണ് സര്‍വേയില്‍ പരിഗണിച്ചത്. ഈ കണക്കില്‍ കേരളത്തില്‍ 14.67 ലക്ഷം കര്‍ഷകകുടുംബങ്ങളുണ്ട്.
കേരളത്തിലെ കര്‍ഷകകുടുംബങ്ങളുടെ മാസവരുമാനം 17,915 രൂപയാണ്. ദേശീയ ശരാശരി 10,218 രൂപ. വരുമാനത്തില്‍ കേരളത്തിലെ കര്‍ഷകര്‍ മുന്നിലാണെങ്കിലും ജീവിതച്ചെലവ് കൂടുതലായതിനാല്‍ കടബാധ്യത കുറയുന്നില്ല. ആരോഗ്യമേഖലയിലെ അമിതചെലവ്, ഉയര്‍ന്ന വിദ്യാഭ്യാസവായ്പ, ജീവിതനിലവാരത്തിലെ ഉയര്‍ച്ച, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടങ്ങിയവയും കേരളത്തിലെ കര്‍ഷകരുടെ കടം കൂടാന്‍ കാരണമാകുന്നു.