കൊട്ടിയൂർ: കൊട്ടിയൂർ -ബോയ്സ് ടൗൺ റൂട്ടിൽ ചെകുത്താൻ തോടിനു സമീപം പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൈപ്പ് പൊട്ടി. യാത്രക്കാരുടെയും സമീപത്തുണ്ടായിരുന്നവരുടെയും അവസരോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബസിന്റെ ബ്രേക്ക് പൈപ്പ് മുറിഞ്ഞതോടെണ് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം.
റോഡിന് വീതികുറഞ്ഞ ഈ ഭാഗത്ത് മലവെള്ളം കുത്തിയൊഴുകി വൻകുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ ചാടിയതോടെയാണ് ബ്രേക്ക് പൈപ്പ് മുറിഞ്ഞത്. പതുക്കെ പോകുകയായിരുന്ന ബസിൽ നിന്ന് ഉടൻ തന്നെ ചിലർ ചാടിയിറങ്ങുകയും സമീപത്തുണ്ടായിരുന്നവരുമായി ചേർന്ന് ടയറുകൾക്കടുത്ത് ചെങ്കല്ല് വച്ച് ബസ് നിരങ്ങിനീങ്ങുന്നത് തടയുകയായിരുന്നു.
ഇതു വഴിയെത്തിയ ടിപ്പർ ഡ്രൈവറും കൊട്ടിയൂർ സ്വദേശികളുമായ ആൽബൻ കുന്നേപറമ്പിൽ, അഭിഷേക് ശിവരാജ് എന്നിവരുടെ സഹായത്തോടെ പിന്നീട് ബ്രേക്ക് പൈപ്പ് ശരിയാക്കി ബസ് യാത്ര തുടർന്നു. ഒരു മണിക്കൂറോളം ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ചുരം റോഡിലൂടെയുള്ള യാത്ര വൻ ദുരിതമായിട്ടുണ്ട്.
ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും യാതൊരു ഫലവും കാണാത്തതിനെ തുടർന്ന് റോഡിലെ കുഴികൾ അടയ്ക്കാൻ ഇന്നലെ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങി. റെജി കന്നുകുഴിയുടെ നേതൃത്വത്തിൽ റോഡ് തകർന്ന ഭാഗങ്ങളിൽ ക്വാറി വെയ്സ്റ്റിട്ട് കുഴികൾ അടച്ചു.
ജോബി പുലിയൻപറമ്പിൽ, ബിനു, രാജൻ, ഷിജു താന്നിവേലിൽ എന്നിവർ ചേർന്നാണ് കുഴികൾ അടച്ചത്.