മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ സംസ്ഥാനത്ത് എഴുതിയത് ഒരുലക്ഷത്തിലധികം വിദ്യാർഥികൾ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ച് വരെയായിരുന്നു പരീക്ഷ.
സംസ്ഥാനത്ത് 13 നഗരകേന്ദ്രങ്ങളിലായി 343 സെന്ററുകളാണ് പരീക്ഷയ്ക്കായി തയാറാക്കിയിരുന്നത്. 1,12,960 വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരീക്ഷ. ഒരു ബഞ്ചിൽ ഒരു വിദ്യാർഥി എന്ന നിലയിൽ ഒരു ക്ലാസിൽ 12 വിദ്യാർഥികളെയാണ് പരീക്ഷയ്ക്കായി ഇരുത്തിയത്.
പൊതുവേ പരീക്ഷ എളുപ്പമായിരുന്നുവെന്നാണ് പരീക്ഷ എഴുതിയ വിദ്യാർഥികൾ അഭിപ്രായപ്പെട്ടത്. നേരിട്ടുള്ള ചോദ്യങ്ങളായിരുന്നു മിക്കവയും. കൂടുതൽ വിദ്യാർഥികളും ഏറ്റവും എളുപ്പമായി പറഞ്ഞത് ബയോളജിയായിരുന്നു. ഉച്ചയ്ക്ക് 1.15 നു തന്നെ പരീക്ഷാ ഹാളിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിച്ചു.
കർശനമായ ഡ്രസ് കോഡ് ഉൾപ്പെടെയുള്ളവയും നിർദേശിച്ചിരുന്നു. അയഞ്ഞ വസ്ത്രങ്ങൾ, നീണ്ട കൈയുള്ള ഉടുപ്പുകൾ, വലിയ ബട്ടണ്‍ എന്നിവയ്ക്ക് വിലക്കിയിരുന്നു. മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ചവർ നേരത്തെ കേന്ദ്രത്തിലെത്തി പരിശോധനയ്ക്ക് വിധേയരായ ശേഷമാണ് പരീക്ഷ എഴുതിയത്.