22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *വിവിധ ആശയങ്ങൾ പഠിക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരമുണ്ടാകണം- കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍.*
Kerala

*വിവിധ ആശയങ്ങൾ പഠിക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരമുണ്ടാകണം- കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍.*

കണ്ണൂര്‍ സര്‍വകലാശാലാ സിലബസില്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ചാൻസലർ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിയെ അദ്ദേഹം ന്യായീകരിച്ചു. വ്യത്യസ്തമായ ആശയങ്ങള്‍ പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യത്തില്‍ അടിയുറച്ചതാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എല്ലാ തരത്തിലുള്ള ചിന്തകളെയും പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണം. എങ്കിലേ അവരുടെ ചിന്താശേഷി വികസിക്കുകയും അവര്‍ നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ. അത്തരം നവീന ആശയങ്ങളുള്ളവര്‍ക്കേ ലോകത്തിന്റെ പുരോഗതിയില്‍ സംഭാവനകള്‍ നല്‍കാനാകൂ. ഇത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്.

അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. ഏത് ആശയവും പഠനവിധേമാക്കിയാല്‍ മാത്രമേ കൂടുതല്‍ സൃഷ്ടിപരമായ ചിന്തകള്‍ ഉണ്ടാകൂ. കാര്യങ്ങള്‍ പഠിച്ചതിനുശേഷം എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയിലെ എം.എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയില്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഭാഗത്ത് ഗോള്‍വാള്‍ക്കര്‍ അടക്കമുള്ളവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. സര്‍വകലാശാലാ പാഠ്യപദ്ധതി കാവിവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് പ്രതിപക്ഷം അടക്കമുള്ളവര്‍ ആരോപിക്കുന്നത്.

കഴിഞ്ഞവര്‍ഷമാണ് ബ്രണ്ണന്‍ കോളേജില്‍ എം.എ. ഗവേണന്‍സ് എന്ന പുതിയ കോഴ്‌സ് തുടങ്ങിയത്. അതില്‍ ഈവര്‍ഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ ‘തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന പേപ്പറില്‍ ചര്‍ച്ചചെയ്തു പഠിക്കാന്‍ നിര്‍ദേശിച്ചതില്‍ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്.

വിഷയം വിവാദമായ സാഹചര്യത്തില്‍, ഇതേക്കുറിച്ച് പഠിച്ച് മാറ്റം നിര്‍ദേശിക്കാന്‍ രണ്ടംഗ വിദഗ്ധസമിതിയെ നിയോഗിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു.
കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സര്‍വകലാശാലയിലെ റിട്ട. പ്രൊഫസര്‍ ഡോ. കെ.വി.പവിത്രന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. അഞ്ചുദിവസത്തിനകം ഇവരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിലബസ് മരവിപ്പിക്കുന്നില്ലെന്നും സമിതിയുടെ നിര്‍ദേശമനുസരിച്ച് മാറ്റംവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

കേരളത്തിനു വേണ്ടത് അതിവേഗത്തിലുള്ള യാത്രാ സംവിധാനം; സിൽവൈർ ലൈൻ സംവാദം പുരോ​ഗമിക്കുന്നു

Aswathi Kottiyoor

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ

Aswathi Kottiyoor

കൊല്ലത്ത് യുവതിയേയും കുട്ടിയെയും പുറത്താക്കിയ സംഭവം: ഭർതൃവീട്ടുകാർക്കെതിരെ ജാമ്യമില്ലാ കേസ്‌.

Aswathi Kottiyoor
WordPress Image Lightbox