27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • നെട്ടോട്ടമോടുന്ന പ്രവാസികളെ ചൂഷണം ചെയ്ത് വിമാന കമ്പനികള്‍; ടിക്കറ്റിന് പൊള്ളുന്ന വില.
Kerala

നെട്ടോട്ടമോടുന്ന പ്രവാസികളെ ചൂഷണം ചെയ്ത് വിമാന കമ്പനികള്‍; ടിക്കറ്റിന് പൊള്ളുന്ന വില.

ആവശ്യം മുതലാക്കി ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി വിമാനക്കമ്പനികള്‍ ഗള്‍ഫ് മലയാളികളെ ചൂഷണംചെയ്യുന്നു. മാസങ്ങളായി നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ എങ്ങനെയും ഗള്‍ഫിലേക്കു മടങ്ങാന്‍ നെട്ടോട്ടത്തിലാണ്. ഈ അവസരം മുതലാക്കിയാണ് ചൂഷണംചെയ്യുന്നത്.

യു.എ.ഇ.യിലേക്ക് നേരത്തേ സര്‍വീസുകള്‍ പുനരാരംഭിച്ചതിനാല്‍ അവിടേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ഗണ്യമായി കുറഞ്ഞു. എന്നാല്‍, കുവൈത്തിലേക്ക് അടുത്തിടെയാണ് സര്‍വീസ് പുനരാരംഭിച്ചത്. ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. പലദിവസങ്ങളിലും ഒരുലക്ഷത്തിലധികമാണ് കൊച്ചി-കുവൈത്ത് നിരക്ക്.

ജസീറ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍വേസ്, ഇന്‍ഡിഗോ, എയര്‍ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ കൊച്ചി-കുവൈത്ത് സര്‍വീസ് നടത്തുന്നുണ്ട്. ജസീറ എയര്‍ലൈന്‍സില്‍ ചില ദിവസങ്ങളില്‍ 97,000 രൂപയാണ് ടിക്കറ്റ് നിരക്ക്. എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ 61,000 രൂപ കാണിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് മൊത്തം വിറ്റുപോയതായി പറയുന്നു.

അടുത്ത രണ്ടാഴ്ചത്തേക്കു ടിക്കറ്റ് ബുക്കിങ് പൂര്‍ണമായതായി ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എത്ര രൂപ കൊടുക്കാന്‍ തയ്യാറാണെങ്കിലും ടിക്കറ്റ് കിട്ടുന്നില്ലെന്ന് അല്‍ഹിന്ദ് ട്രാവല്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.പി.എം. മുബാഷിര്‍ പറഞ്ഞു.

മറ്റു വിമാനക്കമ്പനികളില്‍ ലക്ഷത്തിലധികമാണ് ടിക്കറ്റ് നിരക്ക്. യു.എ.ഇ.യിലേക്കുള്ള ടിക്കറ്റ് നിരക്ക് 10,000-15,000 രൂപയായി കുറഞ്ഞു. എങ്കിലും പഴയ നിരക്കിലേക്കു താഴ്ന്നിട്ടില്ല. മസ്‌കറ്റിലേക്ക് 50,000-60,000 രൂപയും ബഹ്റൈനിലേക്ക് 20,000-30,000 രൂപയും ദോഹയിലേക്ക് 15,000-20,000 രൂപയും ദമാമിലേക്ക് 30,000-42,000 രൂപയുമാണ് നിലവിലെ ടിക്കറ്റ് നിരക്ക്. ഈ മാസം അവസാനവാരത്തോടെ നിരക്ക് കുറയുമെന്നാണു പ്രതീക്ഷ.

കുവൈത്തിലേക്ക് ദുബായി വഴിയും ഷാര്‍ജ വഴിയുമുള്ള കണക്ഷന്‍ വിമാന സര്‍വീസുകളുണ്ടെങ്കിലും കോഴിക്കോടുനിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിന് ഈമാസം 27-നുമാത്രമേ ബുക്കിങ് ഉള്ളൂ. അതിന് 68,892 രൂപയാണ് നിരക്ക്. കണ്ണൂരില്‍നിന്നു നിലവില്‍ കുവൈത്തിലേക്ക് വിമാന സര്‍വീസില്ല. നേരത്തേ പതിനായിരംമുതല്‍ മുപ്പതിനായിരംവരെ രൂപയേ ടിക്കറ്റ് നിരക്ക് വന്നിരുന്നുള്ളൂ.

Related posts

‘ഒമിക്രോണ്‍ ഭീതി’; പുതിയ ക്വാറന്‍റീന്‍ രേഖ പുറത്തിറക്കി സര്‍ക്കാര്‍

Aswathi Kottiyoor

വില വർധനയിൽ സർക്കാർ ഇടപെടും; സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ല: മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

താഴേത്തട്ടിലുള്ള കുട്ടികൾക്കും ഓണ്‍ലൈൻ വിദ്യാഭ്യാസം ലഭ്യമാകണമെന്നു സുപ്രീം കോടതി

Aswathi Kottiyoor
WordPress Image Lightbox