പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിൽനിന്ന് ആദായനികുതി ഈടാക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരേ കേരള നിയമസഭ ഐകകണ്ഠേ്യന പ്രമേയം പാസാക്കുമെന്നു ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
മിൽമ തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ക്ഷീരകർഷക പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കാലത്ത് ഏറെ കഷ്ടതകൾ സഹിച്ചു ക്ഷീരകർഷകർ തങ്ങളുടെ പ്രവർത്തനമേഖലയിൽ സജീവമായിരുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്ന ഈ കർഷകരുടെമേലാണു കേന്ദ്രസർക്കാർ ആദായനികുതിയുടെ പേരിൽ അമിതഭാരം അടിച്ചേല്പിച്ചത്.
ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ല. കേന്ദ്ര നടപടി പിൻവലിക്കുന്നതു വരെ ശക്തമായ നിലപാടുമായി കേരളം മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.