27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കൊവിഡ് വ്യാപനം തുടരുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ ഇരിട്ടി താലൂക്ക് ആശുപത്രി ഒ പി പ്രവർത്തനം
Iritty

കൊവിഡ് വ്യാപനം തുടരുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ ഇരിട്ടി താലൂക്ക് ആശുപത്രി ഒ പി പ്രവർത്തനം

ഇരിട്ടി: കൊവിഡും നിപയും സംസ്ഥാനത്തും ഇരിട്ടി മേഖലയിലും ഭീതിപരത്തുമ്പോൾ ഇരിട്ടി താലൂക്ക് ആശുപത്രിയുടെ ഒപി വിഭാഗത്തിന്റെ പ്രവർത്തനം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയെന്നു പരാതി. കൊവിഡ് രോഗികൾക്കും രോഗലക്ഷണമുള്ളവർക്കും മറ്റ് രോഗമുള്ളവർക്കും എല്ലാം ഒപി ടിക്കറ്റിനായി ഒരു ക്യൂ മാത്രമാണ് ഉള്ളത്. ഇവരെല്ലാം ഒന്നുകൂടി കൂട്ടം കൂടി നിൽക്കുന്നത് രോഗം പടരാൻ ഇടയാക്കും എന്നാണ് പരാതി. കൂട്ടിരിപ്പുകാരും ജീവനക്കാരും അടക്കം രോഗ വ്യാപന ഭീതിയിലാണ്.
രാവിലെ എട്ട് മുതൽ ഒരു മണിവരെയുള്ള ട്രയാജ് ക്ലിനിക് ഒപിയുടെ തൊട്ടടുത്ത് തന്നെയാണ് . യാതൊരു നിയന്ത്രണങ്ങളില്ലാതെ ക്യൂ നിന്നു ടോക്കൺ എടുത്ത രോഗികൾ ചീട്ട് എടുത്ത് ആദ്യം ഇതിനു സമീപം പ്രവർത്തിക്കുന്ന പനി – കോവിഡ് ഹെൽപ് ഡസ്‌കിൽ ആണ് എത്തേണ്ടത് . അവിടെ ഉള്ളവരുടെ നിർദ്ദേശപ്രകാരമാണ് ഡോക്ടറെ കാണാൻ പോകേണ്ടത് എന്നതിനാൽ തന്നെ ഇവിടെ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന അവസ്ഥയാണ് . കൊവിഡ് പോസിറ്റീവായവരും ലക്ഷണം ഉള്ളവരും കടന്നു പോകുന്ന വഴിയിലാണ് മറ്റ് രോഗങ്ങൾക്കായി ഡോക്ടറെ കാണാൻ ആളുകൾ കാത്തു നിൽക്കുന്ന സ്ഥലവും .
മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള ആളുകളാണ് മറ്റ് പല രോഗങ്ങളുമായി താലൂക്കാശുപത്രിയിൽ എത്താറുള്ളത്. കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യം ഉണ്ടായിട്ടും ഒപിയിൽ അടക്കം പ്രവർത്തിക്കുന്ന ജീവനക്കാർക്കുൾപ്പെടെ ആരും പിപിഇ കിറ്റ് ധരിക്കാറുമില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ ക്ലീനിങ്ങ് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചത്. മുൻപും ജീവനക്കാർക്കു കോവിഡ് ബാധിച്ചിരുന്നു . ഒ പി യോട് ചേർന്നാണ് ഡയാലിസിസ് യൂണിറ്റും പ്രവർത്തിക്കുന്നത്. ഡയാലിസിസ് രോഗികളും ഈ വഴിയാണു കടന്നു പോകുന്നത്.
രണ്ട് കൗണ്ടറുകൾ ഒ പി യുമായി ബന്ധപ്പെട്ടുണ്ടെങ്കിലും ഒരു കൗണ്ടർ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. 500 ലധികം രോഗികൾ ദിനം പ്രതി എത്തുന്ന ഇവിടെ കോവിഡിനു മുൻപ് ഈ രണ്ട് കൗണ്ടറുകളും പ്രവർത്തിച്ചിരുന്നു . നേരത്തെ തന്നെ ഇത് സംബന്ധിച്ച പരാതി ഉയർന്നിരുന്നു. ഇത്രയേറെ രോഗികൾ എത്തുമ്പോഴും ഒരു ജീവനക്കാരി മാത്രം ഒപി ടിക്കറ്റ് കൊടുക്കുന്നതിലുള്ള ബുദ്ധിമുട്ടും രോഗികളുടെ കാത്തിരിപ്പും പകർച്ച വ്യാധി വ്യാപനത്തിന് ഇടയാക്കും എന്നായിരുന്നു പരാതി. എന്നാൽ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.
ഒപിയിൽ ക്യൂ നിൽക്കുന്നവരിൽ നിന്നുപോലും ഇപ്പോൾ കൊവിഡ് പോസിറ്റീവ് ആയവരെയും കണ്ടെത്താറുണ്ടെന്നും പറയുന്നു. അതിനാൽത്തന്നെ മറ്റു രോഗവുമായി എത്തുന്നവർ കോവിഡ് രോഗവും സ്വീകരിച്ച് പോകേണ്ട ഗുരുതര സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പും നഗരസഭയും ഇടപെട്ടു അടിയന്തര ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണു ജനങ്ങളുടെ ആവശ്യം. സ്ഥല പരിമിതിയുണ്ടെന്നും ലഭ്യമായ സാഹചര്യങ്ങൾ അനുസരിച്ചു കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ അറിയിച്ചു. മാസ്‌കും സാനിറ്റെസർ ഉപയോഗവും ഉറപ്പാക്കി ആശുപത്രിയിൽ എത്തുന്ന പൊതുജനങ്ങളും മുൻകരുതൽ സ്വീകരിക്കണം . കോവിഡ് ചികിത്സാ കേന്ദ്രത്തിൽ മാത്രമാണു പിപിഇ കിറ്റ് ലഭ്യമാക്കുന്നതെന്നും ഒപിയിൽ ജോലി ചെയ്യുന്നവർക്ക് ഗൗണും മാസ്‌കും, ഫേസ് ഷീൽഡും, ഗ്ലൗസും ഉൾപ്പെടെയുള്ള പിപിഇ സൗകര്യങ്ങൾ നൽകുന്നുണ്ടെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Related posts

സമരം കോടതി വിധിയോടുള്ള വെല്ലുവിളി

Aswathi Kottiyoor

പ​ത്തി​ല​ധി​കം പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ള്ള വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കും

Aswathi Kottiyoor

*⭕️കളിതട്ടുംപാറയിൽ മാവോയിസ്റ്റ് സംഘം വീട്ടിലെത്തി*

Aswathi Kottiyoor
WordPress Image Lightbox