സംസ്ഥാനത്ത് ഭീതിപടര്‍ത്തിയ 2018 ലെ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിനു വീഴ്ച. അന്നത്തെ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ.എം. മോഹന്‍ദാസ് നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വിദഗ്ധരുടെ സഹായത്തോടെ എപ്പിഡമിയോളജി (സാംക്രമിക രോഗ പഠനം) നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനു ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വിശദമായ പഠനം നടന്നില്ല. അതിനാല്‍ 2018ല്‍ സ്ഥിരീകരിച്ച നിപ്പയുടെ ഉറവിടം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയില്‍ വവ്വാലുകളില്‍ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്ന് അന്ന് പരിശോധനയ്ക്കു മേല്‍നോട്ടം വഹിച്ച ഡോ. മോഹന്‍ദാസ് ദീപികയോടു പറഞ്ഞു. ആദ്യം പിടികൂടിയത് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലിനെയായിരുന്നു. മൂന്നു വവ്വാലുകളുടെ രക്തത്തിന്റെയും വിസര്‍ജ്യത്തിന്റെയും സാമ്പിളുകളുള്‍പ്പെടെ മണിപ്പാലിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലേക്കും അയച്ചു.
ഈ ഫലം നെഗറ്റീവായിരുന്നു. മറ്റു ജീവജാലങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പടരാനുള്ള സാധ്യത കണക്കിലെടുത്ത് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പന്നി, കന്നുകാലികള്‍, ആട്, മുയല്, എന്നിങ്ങനെ 21 സാമ്പിളുകളും ശേഖരിച്ച് അയച്ചു. ഇവയിലൊന്നും വൈറസ് കണ്ടെത്താനായിരുന്നില്ല. പിന്നീട് പഴംതീനി വവ്വാലുകളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. 35 എണ്ണത്തെ പിടികൂടി. ഇതില്‍ 30 സാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്കി. അവശേഷിക്കുന്ന അഞ്ചെണ്ണം മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലേക്കും നല്കി. ഈ അഞ്ച് സാമ്പിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ല.
അതേസമയം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചതില്‍ 10 എണ്ണത്തിന് വൈറസ് ബാധയുള്ളതായി കണ്ടെത്തിയെന്നാണ് പറയുന്നത്. എന്നാല്‍, മൃഗസംരക്ഷണ വകുപ്പിന് അക്കാലത്ത് ഇതു സംബന്ധിച്ചുള്ള യാതൊരു വിവരവും കൈമാറിയിരുന്നില്ലെന്നും അന്നത്തെ മൃഗസംരക്ഷണ വകുപ്പ് മേധാവി അറിയിച്ചു. തുടര്‍ന്നായിരുന്നു നിപ്പാവൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള പഠനം നടത്തണമെന്ന് സംസ്ഥാന മൃഗസംരക്ഷണവകുപ്പ് കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.