കേളകം: സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയിലും പകുതികണ്ട് നേന്ത്രവാഴയ്ക്ക വില കുറഞ്ഞതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. കിലോയ്ക്ക് 30 രൂപ നിരക്കിലാണ് നേന്ത്രക്കായ്ക്ക് സർക്കാർ താങ്ങുവില പ്രഖ്യാപിച്ചത്. എന്നാൽ നിലവിലെ മാർക്കറ്റ് വില 15 രൂപ മാത്രമാണ്. താങ്ങുവില പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് വാഴക്കുല വിൽക്കാൻ കൃഷിവകുപ്പിനു കീഴിലുള്ള ഹോർട്ടി കോർപിനെ സമീപിച്ചാൽ അവർ കൈമലർത്തുകയുമാണ്.
സാധാരണ ഓണം സീസണിലാണ് നേന്ത്രക്കായ്ക്ക് ഉയർന്ന വില ലഭിക്കുക. ഇത്തവണ അതുണ്ടായില്ല. കിലോഗ്രാമിന് 40-45 രൂപ വില ഓണക്കാലത്ത് കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെന്ന് കർഷകരും വ്യാപാരികളും പറയുന്നു.
ഓണത്തിന് പത്തു ദിവസം മുമ്പ് വരെ കിലോയ്ക്ക് 28, 29 രൂപവരെ വില ഉയർന്നിരുന്നു. പിന്നീട് കുറഞ്ഞുവന്നു. ഓണം കഴിഞ്ഞതോടെ വില കുറഞ്ഞ് ഇപ്പോൾ 15 രൂപയിൽ എത്തിനിൽക്കുകയാണ്. ഈ തുകയ്ക്ക് മുടക്കുമുതൽ പോലും തിരിച്ചുകിട്ടില്ലെന്ന് കർഷകർ പറയുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേന്ത്രക്കായ വിപണിയിൽ പ്രതീക്ഷിച്ച ഉണർവുണ്ടായില്ല. മേയ് ആദ്യവാരങ്ങളിൽ 35നും 40നും ഇടയ്ക്ക് വില ലഭിച്ചതാണ് ഇതുവരെയുള്ളതിൽ ഉയർന്ന വില. മുമ്പ് 40 രൂപയ്ക്ക് മുകളിൽ വില കിട്ടിയിരുന്ന സ്ഥാനത്താണിത്.
ജൂണിൽ 20നും 25നും ഇടയിലായിരുന്നു വില. ജൂലൈ പകുതിവരെയും ഈ നിലയിൽ വലിയ മാറ്റമുണ്ടായില്ല. ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് പകുതിവരെ 26 രൂപ മുതൽ 29 രൂപവരെ വില ലഭിച്ചു. ഓണം അടുത്തപ്പോഴേക്കും വില കുറഞ്ഞ് കിലോയ്ക്ക് 22, 23 രൂപ എന്നിങ്ങനെയായി. ഓണം കഴിഞ്ഞതോടെ 20ൽ താഴെയുമായി. ഓണത്തോടനുബന്ധിച്ച് വില ഉയരുമെന്നു പ്രതീക്ഷിച്ച് കുല വെട്ടാൻ കാത്തിരുന്ന കർഷകർക്ക് നിരാശയായിരുന്നു ഫലം. കോവിഡ് പ്രതിസന്ധിയും കർണാടകയിലും തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തും നേന്ത്രക്കായ് നേരത്തേ വിളവെടുത്തതുമാണ് വില കുറയാൻ കാരണമായതെന്ന് മലയോരത്തെ വാഴക്കുല വ്യാപാരികൾ പറയുന്നു.
ചെലവേറുന്നു
ഒരു വാഴ നട്ടുവളർത്താൻ 180 രൂപ മുതൽ 200 രൂപവരെ ചെലവ് വരുമെന്ന് കർഷകർ പറയുന്നു. പണിക്കൂലി, വളം, പാട്ടം എന്നിവയ്ക്കെല്ലാം ചെലവേറുന്നു. 1000 വാഴകൾ കൃഷി ചെയ്യുന്ന കർഷകന് 900 വാഴകളെ വിളവെടുക്കാൻ ലഭിക്കൂ. കുറച്ചു വാഴകൾ കേടുവന്നോ കാറ്റിലോ നശിക്കും. ഒരു കുലയ്ക്ക് എട്ടുകിലോ മുതൽ 15 കിലോ വരെയാണ് തൂക്കമുണ്ടാകുക. ഒന്നാംതരത്തിൽ പോയാൽ മാത്രമേ നല്ല വില ലഭിക്കൂ.
വന്യമൃഗശല്യമുള്ള പ്രദേശത്ത് ചെലവ് ഇനിയും കൂടുമെന്ന് കേളകം വെള്ളൂന്നിയിലെ കർഷകൻ സുരേന്ദ്രൻ കല്ലനാനിയിൽ പറഞ്ഞു. വന്യമൃഗശല്യം കാരണം വാഴക്കൃഷി ഉപേക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം. വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്ക് കടക്കാതിരിക്കാൻ കാവൽ നിൽക്കണം. ഫെൻസിംഗ് ഉൾപ്പെടെയുള്ളവ കരുതണം. ഇതൊക്കെ കൂട്ടുമ്പോൾ ചെലവും കൂടും.
കോവിഡ് വ്യാപനത്തെത്തുടർന്ന് നേന്ത്രക്കുലയുടെ ചില്ലറ വില്പന കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. മറ്റിടങ്ങളിലേക്ക് കയറ്റിപ്പോകുന്നതിനു പുറമേ ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിലേക്കും മറ്റും ചിപ്സ്, ഉപ്പേരി എന്നിവയ്ക്ക് നേന്ത്രക്കായ വിറ്റഴിച്ചിരുന്നു. ലോക്ഡൗൺ മാറിയെങ്കിലും ബേക്കറികളിലും മറ്റും കച്ചവടം പഴയപടിയാകാത്തതും വിപണിയെ സാരമായി ബാധിച്ചു.
previous post