കെഎസ്ആർടിസിയിൽ ഓഗസ്റ്റിലെ ശമ്പളം വൈകുമെന്ന് ധനവകുപ്പ്. സർക്കാർ നൽകേണ്ട 65 കോടി രൂപ ധനസഹായം ഇതുവരെ നൽകിയില്ല. അതിനാൽ ശമ്പളം നൽകാൻ പണമില്ലെന്നാണ് ധനവകുപ്പ് കോർപറേഷനെ അറിയിച്ചത്.
ഓഗസ്റ്റിലും പത്താം തീയതിയായിട്ടും ശമ്പളം നൽകാത്തതിന് മുൻപ് ജീവനക്കാർ എംഡിക്ക് എതിരെ രംഗത്തെത്തിയിരുന്നു. കെ സ്വിഫ്റ്റിനോടുളള തങ്ങളുടെ എതിർപ്പ് മൂലം സർക്കാർ മനപൂർവം ശമ്പളം വൈകിപ്പിക്കുകയാണെന്നാണ് തൊഴിലാളി സംഘടനകളുടെ വാദം.
2016 ഫെബ്രുവരി 28ന് അവസാനിച്ച ശമ്പളക്കരാറിന് ശേഷം അഞ്ചര വർഷം കഴിഞ്ഞിട്ടും പുതിയ കരാറിനുളള പ്രാഥമിക ചർച്ചകൾ പോലും നടത്താൻ കഴിഞ്ഞിട്ടില്ല. പത്താം ശമ്പളപരിഷ്കരണ നിർദ്ദേശങ്ങൾക്കനുസരിച്ച് ശമ്പളം പുതുക്കേണ്ടതായിരുന്നു എന്നാൽ അത് നടന്നില്ല.
ജൂൺ 30ന് പുതിയ ശമ്പളം ലഭിക്കുമെന്ന് മുഖ്യമന്ത്രി നൽകിയ വാക്കും ഇതുവരെ നടപ്പായില്ല. അതേസമയം, മറ്റ് വകുപ്പുകളിൽ ഇതിനകം രണ്ട് തവണ ശമ്പളപരിഷ്കരണം നടന്നെന്നും ജീവനക്കാർ പറയുന്നു.