നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ സമ്പർക്ക പട്ടികയിൽ 251 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരില്‍ 38 പേര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. 11 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. ഇതില്‍ എട്ടു പേരുടെ സാമ്പിളുകള്‍ എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിരീക്ഷണത്തിലുള്ള 121 പേർ ആരോഗ്യ പ്രവർത്തകരാണ്. 54 പേർ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരും. നിലവിൽ രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. രോഗലക്ഷണങ്ങളുള്ളവര്‍ എല്ലാം സ്റ്റേബിളാണ്. എട്ട് പേരുടെ പരിശോധന ഫലം ഇന്ന് തന്നെ കിട്ടും. ബാക്കിയുള്ള മൂന്ന് പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കായി അയക്കുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസം കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാന തലത്തിൽ നിപ കൺട്രോൾ സെന്റർ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിപ്പ ബാധിച്ചു മരിച്ച കുട്ടിക്ക് ആടില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്ന സംശയം മൃഗസംരക്ഷണവകുപ്പ് തള്ളിയിരുന്നു. ആടുകള്‍ നിപ വാഹകരായ ജീവികളുടെ പട്ടികയിലില്ലന്നു സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബേബി കുര്യാക്കോസ് വ്യക്തമാക്കി. അതേസമയം, കുട്ടി റംബൂട്ടാന് കഴിച്ചിരുന്നതായി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ വവ്വാലുകളുടെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിക്കും.
ഇതിനിടെ നിപ സ്ഥിരീകരിച്ച പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടോയെന്നറിയാനും പരിശോധന തുടങ്ങി. കാട്ടു പന്നികള്‍ വഴിയും നിപ വൈറസ് സാന്നിധ്യം മനുഷ്യരിലെത്താമെന്നാണ് വിദഗ്ധർ പറയുന്നത്. നിപ്പ വൈറസ് സ്ഥിരീകരിച്ച എല്ലായിടത്തും അതിന്റെ ഉത്ഭവം കണ്ടെത്തിയിരുന്നു.
വൈറസ്ബാധ ആദ്യം സ്ഥിരീകരിച്ച മലേഷ്യ, ബംഗ്ലാദേശ് തുടങ്ങി സ്ഥലങ്ങളിലെല്ലാം പന്നികളില്‍ നിന്നും വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കു പടര്‍ന്നുവെന്നാണ് കണ്ടെത്തിയത്.