22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കോടതിയുടെ ക്ഷമപരിശോധിക്കുന്നു; വിധികളെ ബഹുമാനിക്കുന്നില്ല- കേന്ദ്രത്തിനെതിരെ സുപ്രീംകോടതി.
Kerala

കോടതിയുടെ ക്ഷമപരിശോധിക്കുന്നു; വിധികളെ ബഹുമാനിക്കുന്നില്ല- കേന്ദ്രത്തിനെതിരെ സുപ്രീംകോടതി.

കേന്ദ്ര സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരിശോധിക്കുകയാണെന്നും വിധികളെ സര്‍ക്കാര്‍ ബഹുമാനിക്കുന്നില്ലെന്നും സുപ്രീം കോടതി. രാജ്യത്തെ ട്രിബ്യുണലുകളെ ദുര്‍ബലപെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോടതി ആരോപിച്ചു. ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ നികത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇന്ന് കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലില്‍ മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന് വഴിവെച്ചത്. ചെയര്‍മാനും അംഗങ്ങളും ഇല്ലാത്തതിനാല്‍ പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്തെ പ്രധാനപ്പെട്ട എന്‍സിഎല്‍ടി, എന്‍സിഎല്‍എടിയില്‍ പോലും പല ഒഴിവുകളും നികത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി ജഡ്ജിമാര്‍ നേതൃത്വംനല്‍കുന്ന സമിതികള്‍ നല്‍കുന്ന നിയമന ശുപാര്‍ശകളില്‍ പോലും സര്‍ക്കാര്‍ തീരുമാനം എടുക്കുന്നില്ല. ഐ ബി യുടെ ക്‌ളിയറന്‍സ് ലഭിച്ച വ്യക്തികളെയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ സമിതികള്‍ ശുപാര്‍ശ ചെയ്തത്. കോടതി ജഡ്ജിമാരെ പോലും സര്‍ക്കാര്‍ വിശ്വസിക്കുന്നില്ലേ എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആരാഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശയില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

മദ്രാസ് ബാര്‍ അസോസിയേഷന്‍ കേസില്‍ സുപ്രീംകോടതി റദ്ദാക്കിയ അതേ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം തയ്യാറാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിക്ക് കടകവിരുദ്ധമായ നിയമം പാസ്സാക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

രാജ്യത്തെ 19 ട്രിബ്യൂണലുകളില്‍ നിലവില്‍ അധ്യക്ഷന്മാരില്ല. ജുഡീഷ്യല്‍ അംഗങ്ങളുടെ 110 ഒഴിവുകളും സാങ്കേതിക അംഗങ്ങളുടെ 111 ഒഴിവുകളുമാണ് ഉള്ളത്. ഇതില്‍ പരമാവധി ഒഴിവുകള്‍ അടുത്ത തിങ്കളാഴ്ചയ്ക്കകം നികത്തണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Related posts

വൈത്തിരിയിലെ ബലാത്സംഗക്കേസ്: പിടിയിലായവരിൽ ചിലർക്ക് സെക്സ് റാക്കറ്റുമായി ബന്ധം.*

Aswathi Kottiyoor

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

ആഭിചാരകേന്ദ്രത്തിൽ സ്ത്രീകളെ പൂട്ടിയിട്ട സംഭവം: പ്രതികൾക്കായി തിരച്ചിൽ ഊർജിതം

WordPress Image Lightbox