ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സർ,മാഡം എന്നു വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂർ പഞ്ചായത്ത് മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും ആദ്യഘട്ടത്തിൽ നടപ്പാക്കാൻ കെപിസിസി നിർദേശം. സർ, മാഡം വിളി ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകൾക്കു നിർദേശം നൽകിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
സംസ്ഥാനത്താകെ ഈ മാറ്റം കൊണ്ടു വരാൻ ശക്തമായ സമ്മർദം ചെലുത്തും. ഇതിനു നേതൃത്വം നൽകാൻ ഡിസിസി പ്രസിഡന്റുമാരോടു നിർദേശിച്ചിട്ടുണ്ട്. പൂർണ അർഥത്തിൽ അധികാര വികേന്ദ്രീകരണം സാധ്യമാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കാലോചിതമായ ഇടപെടലുകളിലൂടെ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള കെപിസിസിയുടെ ശ്രമങ്ങൾക്ക് മാത്തൂർ പഞ്ചായത്ത് ഒരു തുടക്കമാണെന്നും സുധാകരൻ പറഞ്ഞു.
എല്ലാ സർക്കാർ ഓഫീസുകളിലും പോലീസിലും സർ,മാഡം വിളി ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറാകണം. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ശേഷിപ്പുകളായ സർ,മാഡം അഭിസംബോധന ജനാധിപത്യ വിരുദ്ധമാണെന്നും സുധാകരൻ പറഞ്ഞു.