സർവീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് ജോലിനൽകുന്ന പദ്ധതിവഴി സർക്കാർ സർവീസിന്റെ കാര്യക്ഷമതയിൽ ഇടിവുവരുന്നതായി ശമ്പളക്കമ്മിഷൻ. പൊതു ഉദ്യോഗാർഥികളുടെ അവസരം കുറയ്ക്കുന്നതിനൊപ്പം ജോലി പാരമ്പര്യമായി നൽകുന്നത് അനൗചിത്യമാണെന്നും പതിനൊന്നാം ശമ്പളക്കമ്മിഷന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൗലികാവകാശങ്ങളിൽപ്പെട്ട ആർട്ടിക്കിൽ 16-ന്റെ അന്തഃസത്ത ലംഘിക്കുന്നതാണെന്നാണ് നിരീക്ഷണം.
ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ആശ്രിതനിയമനം നൽകേണ്ടിവന്നാൽ ഉയർന്നഗ്രേഡിലേക്ക് സ്വാഭാവിക സ്ഥാനക്കയറ്റം നൽകരുത്. സ്‌ക്രീനിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം. ആശ്രിതർക്ക് മികച്ച സാമ്പത്തികാനുകൂല്യങ്ങൾ നൽകണം. പദ്ധതിപ്രകാരം നിലവിൽ എട്ടുലക്ഷത്തിൽ താഴെ കുടുംബവാർഷിക വരുമാനമുള്ളവരുടെ ആശ്രിതർക്കാണ് തുടക്കതസ്തികയിൽ നിയമനം നൽകുന്നത്.
മൊത്തം ഒഴിവുകളിൽ അഞ്ചുശതമാനമാണ് ഇതിനായി നീക്കിെവക്കുന്നതെങ്കിലും പല വകുപ്പുകളിലും സ്ഥാപനങ്ങളിലും ഈ പരിധി ലംഘിച്ചാണ് നിയമനം നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2017 മുതൽ 2020 വരെ നടന്നിട്ടുള്ള നിയമനങ്ങളാണ് പരിശോധിച്ചത്. തിരുവനന്തപുരം കളക്ടറേറ്റിൽനടന്ന 515 നിയമനങ്ങളിൽ 68-ഉം (13.20 ശതമാനം) ആശ്രിതനിയമനമായിരുന്നു. എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിൽ 209 നിയമനം നടന്നതിൽ 28 എണ്ണം (13.40 ശതമാനം) ആയിരുന്നു ആശ്രിതർക്കായി നീക്കിവെച്ചത്.
സംസ്കൃതസർവകലാശാലയിൽനടന്ന 35 നിയമനങ്ങളിൽ അഞ്ചെണ്ണം (14.29 ശതമാനം) ആശ്രിതർക്കായിരുന്നു. നിയമസഭാ സെക്രട്ടേറിയറ്റിൽ 131 നിയമനം ഇക്കാലയളവിൽ നടന്നു.
ഇതിൽ 18 എണ്ണം (13.74 ശതമാനം) ആശ്രിതർക്ക് നൽകി.
ആശ്രിതനിയമനം അവസാനിപ്പിക്കുമ്പോൾ നൂറുശതമാനം പ്രത്യേക കുടുംബപെൻഷൻ അനുവദിക്കാം. ഒരുവർഷത്തേക്കോ, വിരമിക്കേണ്ടിയിരുന്ന പ്രായംവരെയോ ഏതാണ് ആദ്യം എന്നത് കണക്കാക്കി ഈ തുക നൽകാം. കുടുംബപെൻഷൻ അടക്കമുള്ള വാർഷികവരുമാനം എട്ടുലക്ഷത്തിൽ കുറഞ്ഞ കുടുംബങ്ങൾക്ക് ജീവനക്കാരൻ മരിച്ച തീയതിമുതൽ ഇങ്ങനെ പരമാവധി അഞ്ചുവർഷംവരെ ഈ തുക അനുവദിക്കാം. അവസാനം വാങ്ങിയ അടിസ്ഥാനശമ്പളത്തിന് തുല്യമായോ പരമാവധി 50,000 രൂപവരെയോ ആണ് നൽകേണ്ടത്. കാലാവധിക്കുശേഷം നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള കുടുംബപെൻഷൻ തുടരാം.