പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ജലസ്രോതസുകളുടെ സംരക്ഷണ പരിപാടിയായ ഹരിത തീരം പദ്ധതി തുടങ്ങി . സണ്ണി ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി . പി .വേണുഗോപാൽ അധ്യക്ഷനായി . ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഇ . കെ.സോമശേഖരൻ മുഖ്യാതിഥിയായി . വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ , പഞ്ചായത്തംഗങ്ങളായ വി . എം . രഞ്ജുഷ , കെ.വി.ശരത് , ബേബി സോജ , കെ വി ബാബു , റീന മനോഹരൻ, നൂറുദ്ദീൻ മുള്ളേരീക്കൽ , റജീന സിറാജ് പൂക്കോത്ത് , എം . ശൈലജ , സി . യമുന , നിഷ പ്രദീപൻ , ജോസ് ആന്റണി , ഹരിത കേരളം റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ , പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വാ എന്നിവർ പങ്കെടുത്തു . പേരാവൂർ പഞ്ചായത്തിലൂടെ ഒഴുകുന്ന ജലാശയങ്ങളുടെ ഇരു കരകളിലും മുള , ഈറ്റ , ഓട , മറ്റു മരങ്ങൾ എന്നിവ നട്ടു വളർത്തി സംരക്ഷിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത് . ആദ്യ ഘട്ടം പഞ്ചായത്തിലെ കാഞ്ഞിരപുഴയുടെ തുടക്കം മുതൽ അവസാനം വരെ ഇരു കരകളിലും ഇത്തരം തൈകൾ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി വെച്ച് പിടിപ്പിക്കും . മൂന്നും നാലൂം വാർഡിലെ ഇരു കരകളിലും അടുത്ത മാസവും തൈകൾ വെച്ച് പിടിപ്പിക്കും പദ്ധതിക്കാവശ്യമായ തൈകൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ നഴ്സറി ഉണ്ടാക്കി ഉത്പാദിപ്പിക്കും . മഴമാപിനി , കാലാവസ്ഥ നിരീക്ഷണ സംവിധാനം എന്നീവയും സ്ഥാപിക്കും . ടൗണുകളിൽ നിന്നും ഒഴുകി എത്താൻ സാധ്യതയുള്ള മലിന ജലത്തെ ശുദ്ധിയാക്കി ഒഴുകുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കും . നടുന്ന തൈകൾ സംരക്ഷിക്കപെടാൻ പുഴയോരത്തു താമസിക്കുന്നവരുടെ ഗ്രാമസഭകൾ വിളിച്ചു ചേർക്കും പഞ്ചായത്തിലെ സംവിധാനങ്ങൾ ജലാ
ശയങ്ങളുടെ ഡിജിറ്റൽ മാപ്പിങ് തയ്യാറാക്കും . കുളങ്ങൾ , കിണറുകൾ , കുഴൽകിണറുകൾ , മഴവെള്ളസംഭരണികൾ കൈത്തോടുകൾ , തോടുകൾ , പുഴകൾ തുടങ്ങി ഏതു വിധത്തിലുള്ള ജല സംവിധാനങ്ങളും ഡിജിറ്റൽ രൂപത്തിൽ പൊതുജനങ്ങൾക്ക് കാണും വിധത്തിലുള്ള സംവിധാനം ഒരുക്കും . കരയിടിച്ചിലുള്ള ഭാഗങ്ങളെ പ്രത്യേകം സംരക്ഷിക്കും . കയ്യേറ്റങ്ങളും , അനധികൃത ജല ചൂഷണവും , ജല മലിനീകരണവും കണ്ടെത്തി നടപടി സ്വീകരിക്കുകയും മഴകുഴികൾ , കിണർ റീചാർജിങ് മഴവെള്ള സംഭരണികൾ എന്നിവ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മൂന്നു വർഷം കൊണ്ട് നടപ്പിൽ വരുത്തും . നിലവിലുള്ള എല്ലാ കുളങ്ങളും തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി വൃത്തിയാക്കും , പുതിയ കുളങ്ങൾ അപേക്ഷക്ക് അനുസരിച്ചും സാധ്യതക്ക് അനുസരിച്ചും നിർമ്മിക്കും .മൂന്നു വർഷം കൊണ്ട് സമ്പൂർണ്ണ് ജല സുരക്ഷാ പഞ്ചായത്ത് ആക്കി മാറ്റുകയും ഗ്രീൻ പേരാവൂർ സാധ്യമാക്കുകയും ചെയ്യുമെന്നും പദ്ധതിയിലുണ്ട്