കോവിഷീല്‍ഡ് വാക്സിന്റെ രണ്ടു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള വേണമെന്ന വ്യവസ്ഥ വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് ഇളവു ചെയ്തു കൊടുക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ചു.
കിറ്റെക്സ് കമ്പനിയിലെ 12,000ത്തോളം തൊഴിലാളികള്‍ക്ക് കോവിഷീല്‍ഡിന്റെ ആദ്യ വാക്സിന് നല്കി 45 ദിവസം കഴിഞ്ഞതിനാല്‍ രണ്ടാം ഡോസ് നല്കാന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതര്‍ നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് പി.ബി. സുരേഷ്കുമാര്‍ ഇതു ചോദിച്ചത്.
കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചിരിക്കുന്നതു വാക്സിന്റെ ഫലപ്രാപ്തി ഉറപ്പാക്കാനാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിദേശത്തേക്ക് ജോലിക്കും പഠനത്തിനും പോകുന്നവര്‍ക്കും ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ പോയവര്‍ക്കും 84 ദിവസത്തെ ഇടവേള വേണമെന്ന വ്യവസ്ഥ ഇളവു ചെയ്തു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയതായി ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ വ്യക്തമാക്കി.