ഇരിട്ടി : ഇരിട്ടി ടൗണിൽ ഇക്കഴിഞ്ഞ 18 മുതൽ നടപ്പാക്കാൻ തിരുമാനിച്ച ഗതാഗത പരിഷ്കരണം ഇനിയും നടപ്പിലായില്ല. നഗരസഭാ, പോലീസ്, മോട്ടോർ വാഹനവകുപ്പ്, വ്യാപാരി സംഘടനാ പ്രതിനിധി യോഗത്തിലായിരുന്നു ഗതാഗത പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചത്. പയഞ്ചേരിമുക്കിൽ മട്ടന്നൂർ റോഡ്, പേരാവൂർ റോഡ് ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിച്ച് അപകടരഹിതമാക്കാനും ടൗണിൽ സ്വകാര്യ വാഹനങ്ങളുടെ സ്ഥിരം പാർക്കിംഗ് ഒഴിവാക്കാനും നായനാർ ഓപ്പൺ ഓഡിറ്റോറിയം, പഴയ പാലത്തെ നഗസരഭാ റോഡ് പാർശ്വങ്ങളും മാർക്കറ്റിന് നീക്കിവച്ച സ്ഥലവും സ്വകാര്യ വാഹന പാർക്കിംഗിന് ഉപയോഗിക്കാനും നിലവിലുള്ള പേ പാർക്കിംഗ് കേന്ദ്രം നവീകരിച്ച് ഉപയോഗപ്പെടുത്താനുമായിരുന്നു തീരുമാനം.
നേരമ്പോക്ക് റോഡിനിരുവശത്തും പൂർണമായും പാർക്കിംഗ് തടയാനും തീരുമാനിച്ചിരുന്നു. താലൂക്കാശുപത്രി, ഫയർ സ്റ്റേഷൻ റോഡായതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ പാർക്കിംഗ് കേന്ദ്രങ്ങളും ബസ് സ്റ്റോപ്പുകളും പോലീസ്, മോട്ടോർ വാഹനവകുപ്പ്, നഗരസഭാ നേതൃത്വത്തിൽ അടയാളപ്പെടുത്തും.
ടൗണിൽ ട്രാഫിക് സൂചക ബോർഡുകളും സ്ഥാപിക്കാനും നഗരസഭാ പാർക്കിംഗ് കേന്ദ്രങ്ങളിൽ കുടുംബശ്രീ പ്രവർത്തകർക്ക് ചുമതല നൽകാനും ധാരണയായിരുന്നു. കെഎസ്ടിപി റോഡ് നവീകരണ ഭാഗമായി ടൗണിൽ നടത്തേണ്ടുന്ന സൗന്ദര്യവത്കരണ പ്രവൃത്തികൾ, അഴുക്ക് ചാൽ സ്ലാബിടൽ, കൈവരികൾ സ്ഥാപിക്കൽ എന്നിവ വേഗത്തിലാക്കാൻ നിർദേശിക്കാനുമായിരുന്നു സംയുക്ത യോഗം തീരുമാനം .