ഇരിട്ടി : കൊറോണാ വ്യാപന പാശ്ചാത്തലത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇരിട്ടി മേഖലയിലും വീടുകളിലൊതുങ്ങി. കിഴൂർ മേഖലയിൽ ശിവജി ബാലഗോകുലത്തിന്റെയും വള്ള്യാട് മേഖലയിൽ അർജ്ജുന ബാലഗോകുലത്തിന്റെ നേതൃത്വത്തിലുമായിരുന്നു ആഘോഷങ്ങൾ . ഉണ്ണിക്കണ്ണന്റെയും, രാധയുടെയും , ഗോപികമാരുടെയും വേഷമണിഞ്ഞ കുട്ടികൾ വീടുകൾമുഴുവൻ അമ്പാടിയാക്കി മാറ്റി. പലവീടുകളിലും മുതിർന്നവർ കണ്ണന്മാർക്ക് കണ്ണനൂട്ട് നടത്തി. ഗോപികാ നൃത്തവും , ഉറിയടിയുംമറ്റും വീടുകളെ ഉത്സവച്ഛായയിലേക്ക് മാറ്റി. കീഴൂർ , വള്ള്യാട് മേഖലയിൽ കൃഷ്ണവേഷധാരികളുടെ മത്സരവും നടന്നു. ഏറ്റവും നല്ല വേഷത്തിനും ഫോട്ടോവിനും സമ്മാനങ്ങൾ ഒരുക്കിയിരുന്നു.
ശിവജി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കീഴൂരിൽ നടന്ന ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം നഗരസഭാ കൗൺസിലർ പി. പി. ജയലക്ഷ്മി കണ്ണനൂട്ട് നടത്തികൊണ്ട് ഉദ്‌ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ ഉപാധ്യക്ഷൻ കെ.പി. കുഞ്ഞിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ. ജയപ്രകാശ്, എ. പത്മനാഭൻ എന്നിവർ സംസാരിച്ചു.