കണ്ണൂർ: പുതുതായി ആരംഭിച്ച കണ്ണൂർ-മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു. ട്രെയിനിന്റെ കന്നിയാത്ര ഇന്നലെ രാവിലെ 7.40 ന് കണ്ണൂരിൽ നിന്നാണ് യാത്ര പുറപ്പെട്ടത്.
കണ്ണൂരിൽ നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിൻ 10.55ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിലെത്തും. വൈകുന്നേരം 5.05ന് മംഗളൂരു സെൻട്രലിൽ നിന്നും പുറപ്പെട്ട് രാത്രി 8.40ന് കണ്ണൂരിലെത്തും. 12 ജനറൽ കോച്ചുകൾ ഉൾപ്പെടെ 14 കോച്ചുകളാണ് ട്രെയിനിലുള്ളത്. ട്രെയിനിൽ സീസൺ ടിക്കറ്റ് യാത്രാ സൗകര്യമുണ്ടായിരിക്കും.
ട്രെയിൻ സർവീസ് നിർത്തി വച്ച 2020 മാർച്ച് 24ന് ശേഷം കാലാവധിയുള്ള പഴയ സീസൺ ടിക്കറ്റ് ഹാജരാക്കിയാൽ മുൻകാല പ്രാബല്യത്തോടെ പുതുക്കി നൽകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. സാധാരണ ടിക്കറ്റുകൾ യുടിഎസ് കൗണ്ടറിൽ നിന്നും എടുക്കാം. റിസർവേഷൻ കോച്ചുകളില്ലാത്ത ട്രെയിനാണിത്. ട്രെയിനിന്റ കന്നിയാത്രയോടനുബന്ധിച്ച് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎംആർപിസി)യുടെ നേതൃത്വത്തിൽ മധുരപലഹാരം വിതരണം ചെയ്തു.
എൻഎംആർപിസി കോ-ഓർഡിനേഷൻ ചെയർമാൻ റഷീദ് കവ്വായി, കോ-ഓർഡിനേറ്റർ ദിനു മൊട്ടമ്മൽ, വൈസ് ചെയർമാൻ ആർട്ടിസ്റ്റ് ശശികല, രമേശൻ പനച്ചിയിൽ , പി.വിജിത്ത്കുമാർ , റിയാസ് എടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. റെയിൽവേ യാത്രക്കാരുടെയും സംഘടനയുടെയും നിരന്തര സമ്മർദത്തിന്റെയും സമരത്തിന്റെയും ഫലമായാണ് പ്രത്യേക വണ്ടി സർവീസ് തുടങ്ങിയത്.
previous post