കൊറോണ വൈറസിന്റെ അതിതീവ്രമായ പുതിയ വകഭേദം കണ്ടെത്തി. ഈ വകഭേദം അതിവേഗം പടരാൻ ശേഷിയുള്ളതാണെന്നും കോവിഡ് പ്രതിരോധ വാക്സിനേഷനിലൂടെ ലഭിച്ച സുരക്ഷയെ മറികടന്നേക്കാമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസിലെയുംക്വാസുലു-നേറ്റല്‍ റിസേര്‍ച്ച് ഇന്നൊവേഷന് ആന്‍ഡ് സീക്വെന്‍സിംഗ് പ്ലാറ്റ്ഫോമിലെയും ഗവേഷകർ പറയുന്നു.
2019ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയ വകഭേദം. മേയിൽ ദക്ഷിണാഫ്രിക്കയിലാണ് വകഭേദം ആദ്യം കണ്ടെത്തിയത്. സി.1.2 എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തിന്റെ സാന്നിധ്യം ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗൽ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകർ പറഞ്ഞു.
ലോകത്ത് ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദമാണിത്. സി.1.2 വകഭേദം ഇപ്പോഴത്തെ വാക്സിനുകളുടെ ഫലപ്രാപ്തി കുറച്ചേക്കും. അതീവ ജാഗ്രത വേണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.