തിരുവനന്തപുരം – തെങ്കാശി അന്തർ സംസ്ഥാനപാതയിലെ വഴയില മുതൽ പഴകുറ്റിവരെയുള്ള ഭാഗം നാലുവരിപാതയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. നിലവിൽ നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തെത്താൻ ഒരു മണിക്കൂറിലേറെ സമയമെടുക്കും. നാലുവരിപാത യാഥാർത്ഥ്യമാകുന്നതോടെ ഈ ഗതാഗതകുരുക്കഴിയുന്നതൊടൊപ്പം വാണിജ്യ, ടൂറിസം മേഖലയ്ക്കും പുറമെ നാടിന്റെ പുരോഗമനവും സാധ്യമാകും. സാമൂഹികാഘാതപഠനത്തിന്റെ ഭാഗമായി ഓൺലൈനിൽ നടപ്പാക്കിയ പബ്ലിക് ഹിയറിംഗിൽ പൊതുവേ ഉയർന്നുവന്ന അഭിപ്രായം കാലതാമസം കൂടാതെ ഈ പദ്ധതി നടപ്പിലാക്കണമെന്നതായിരുന്നു. കോവിഡ് മൂലം കാലതാമസംനേരിട്ട സാമൂഹികാഘാതപഠന റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും. ഫൈനൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാകുകയും വർഷങ്ങളായി മന്ദഗതിയിലായിരുന്ന പദ്ധതി നിർവഹണം യാഥാർത്ഥ്യമാകുകയും ചെയ്യും. കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയ്ക്ക് പ്രത്യേകമായി നിയോഗിക്കപ്പെട്ട എൽ എ തഹസിൽദാർ കിഫ്ബി-1 ആണ് മതിയായ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുപ്പ് നടപ്പിലാക്കുന്നത്. ഘട്ടം ഘട്ടമായി
സ്ഥലമേറ്റെടുക്കൽ പദ്ധതി നിർവ്വഹണവും വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ഈ
സാമ്പത്തിക വർഷം തന്നെ നിർമ്മാണം പൂർത്തിയാകും. 279.31 കോടി രൂപ
പ്രവൃത്തിക്കും, 59.22 കോടി രൂപ സ്ഥലമേറ്റെടുപ്പിനും ഉൾപ്പെടെ 338.53 കോടി രൂപയുടെ
സാമ്പത്തികാനുമതിയാണ് ലഭ്യമായത്. കിഫ്ബി പദ്ധതികൾ നടപ്പിലാക്കുന്നതിനായി രൂപം കൊണ്ട കെ.ആർ.എഫ്.ബി.പി.എം.യു (കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്ജെന്റ് യൂണിറ്റ്) ആണ് പദ്ധതി നിർവഹണം നടത്തുന്നത്. ജില്ലയുടെ വടക്കു കിഴക്കൻ മേഖലയിലെ ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് പദ്ധതി പൂർത്തീകരണത്തിലൂടെ നടപ്പാക്കുന്നതെന്നും ഈ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ ഇതിനെ അട്ടിമറിക്കാൻ ചില കോണുകളിൽ നിന്നും ശ്രമം നടക്കുന്നതായും അത്തരം നീക്കങ്ങളെ ജനം തിരിച്ചറിയുമെന്നും സ്ഥലം എം.എൽ.എയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ശ്രീ ജി.ആർ അനിൽ പറഞ്ഞു.