കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് പരമാവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാലാണ് എണ്ണം വർധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആറു കേസുകളിൽ ഒന്നുവീതം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വടക്കൻ സംസ്ഥാനങ്ങളിൽ 100 രോഗികളിൽ ഒരാളെ വീതമാണ് കണ്ടെത്തുന്നത്. ദേശീയ ശരാശരി 33 രോഗികളിൽ ഒരാൾ എന്നതാണ്. മരണനിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. ആശുപത്രികൾ നിറയുന്നില്ലെന്നതും പ്രതിരോധപ്രവർത്തനത്തിന്റെ നേട്ടമാണ്.
75 ശതമാനം വെന്റിലേറ്ററുകളും 43 ശതമാനം ഐസിയു കിടക്കകളും നിലവിൽ ഒഴിവുണ്ട്. കോവിഡ് ചികിത്സയ്ക്കായി 281 സ്വകാര്യ ആശുപത്രികൾ ഇതിന് പുറമെയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും രോഗവ്യാപനത്തിനു കാരണമാണ്.
ദേശീയ ശരാശരിയുടെ ഇരട്ടി ജനസാന്ദ്രതയാണ് കേരളത്തിലുള്ളത്. സംസ്ഥാനത്ത് പകുതിയിൽ അധികം ആളുകളെയും ഇതുവരെയുംകോവിഡ് ബാധിച്ചിട്ടില്ല. അതിനാൽ തന്നെ രോഗം വരാൻ സാധ്യതയുള്ളവരുടെ എണ്ണം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും അതീവജാഗ്രത പുലർത്തണമെന്ന് മന്ത്രി അറിയിച്ചു. ജാഗ്രതപ്രവൃത്തിയിൽ വേണം. ബന്ധുവീടുകൾ സന്ദർശിക്കുന്നതും പൊതുപരിപാടികളും ഒഴിവാക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. അതീവജാഗ്രത തുടരണമെന്നും അവർ പറഞ്ഞു.
രോഗ ലക്ഷണം ഉണ്ടെങ്കിൽ നിർബന്ധമായും പരിശോധനയ്ക്കു വിധേയമാകണം. വീടുകളിൽ സ്വയംനിരീക്ഷണത്തിൽ കഴിയുന്നവർ മുറിക്കുള്ളിൽ തുടരണം. വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പർക്കം പാടില്ലെന്നും വീണാ ജോർജ് പറഞ്ഞു.