സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന യുവാക്കളുടെ സഹകരണ സംഘങ്ങളുടെ പൂർത്തീകരണ പ്രവർത്തനങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ വിലയിരുത്തി. ഭൂരിപക്ഷം സംഘങ്ങളും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ചുരുക്കം സംഘങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ അവസാനഘട്ടത്തിലാണ്. വരുംദിവസങ്ങളിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കും. സംസ്ഥാനത്തെ യുവാക്കളുടെ സംരംഭകത്വം വളർത്തിയെടുക്കാനുള്ള കൂട്ടായ്മയായി യുവ സഹകരണ സംഘങ്ങൾ മാറുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സേവന മേഖലയിൽ യുവാക്കളുടെ സംഘബലം മാതൃകാപരമായ രീതിയിൽ ഉപയോഗിക്കാൻ കഴിയും. സാധാരണക്കാർ വിവിധ തരത്തിലുള്ള സേവനങ്ങൾ സൗജന്യമായോ സൗജന്യ നിരക്കിലോ സംഘങ്ങൾ വഴി ലഭ്യമാകും. യുവ തലമുറയ്ക്ക് പുതിയ ദിശാബോധം നൽകാനും സഹകരണ സംഘങ്ങൾക്ക് കഴിയും.
പ്രാദേശിക തലങ്ങളിലെ ജനകീയ സ്റ്റാർട്ട് അപ്പുകളായി അധികം വൈകാതെ യുവാക്കളുടെ സഹകരണ സംഘങ്ങൾ മാറും. ഐടി, ഐടി ഇതര മേഖലകളിൽ സ്വയം സംരംഭകരായി വളർന്നു വരാൻ യുവജനതയ്ക്ക് കൈത്താങ്ങാകുന്ന തരത്തിലാണ് യുവ സഹകരണ സംഘങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി വിലയിരുത്തി. സേവന മേഖലയിൽ പുതിയ ചരിത്രം കുറിക്കാൻ യുവ സഹകരണ സംഘങ്ങൾക്കാകുമെന്നും അദ്ദേഹം പറഞ്ഞു. നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് യുവാക്കളുടെ സഹകരണ സംഘങ്ങൾ പ്രഖ്യാപിച്ചത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും യുവ സഹകരണ സംഘങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ച വനിതാ സംരംഭകത്വം കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. പത്ത് വനിതാ സഹകരണ സംഘങ്ങളിലാണ് അഞ്ച് ലക്ഷം രൂപ വീതം മുടക്കി നിർമ്മാണ യൂണിറ്റുകൾ ആരംഭിച്ചത്. പിന്നാലെയാണ് സഹകരണ വകുപ്പിലെ മറ്റൊരു പ്രഖ്യാപനം കൂടി സമയ ബന്ധിതമായി യാഥാർത്ഥ്യമാകുന്നത്.