22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സിംഗിൾ മദറിന്റെ കുഞ്ഞിന്റെ റജിസ്ട്രേഷൻ: പിതാവിന്റെ പേര് വേണ്ടെന്നു ഹൈക്കോടതി.
Kerala

സിംഗിൾ മദറിന്റെ കുഞ്ഞിന്റെ റജിസ്ട്രേഷൻ: പിതാവിന്റെ പേര് വേണ്ടെന്നു ഹൈക്കോടതി.

കൃത്രിമ ഗർഭധാരണ മാർഗങ്ങളിലൂടെ സിംഗിൾ പേരന്റും വിവാഹിതയല്ലാത്ത അമ്മയും ഗർഭിണിയാകുമ്പോ‍ൾ കുഞ്ഞിന്റെ ജനന മരണ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർദിഷ്ട ഫോമുകളിൽ പിതാവിന്റെ പേര് നൽകണമെന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി. അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജീസ് (എആർടി) വഴി ഗർഭിണിയായാൽ ബീജദാതാവിന്റെ പേര് നിയമത്തിന്റെ പേരിൽ നിർബന്ധമായ സാഹചര്യങ്ങളിലൊഴികെ വെളിപ്പെടുത്തേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം കേസുകളിൽ റജിസ്ട്രേഷനും ജനന മരണ സർട്ടിഫിക്കറ്റിനുമായി പ്രത്യേക ഫോമുകൾ ഉടൻ സർക്കാർ പുറപ്പെടുവിക്കണമെന്നു ജസ്റ്റിസ് സതീഷ് നൈനാൻ നിർദേശിച്ചു.
കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിച്ച കുട്ടിയെ ഒറ്റയ്ക്കു വളർത്തുന്ന മാതാവിന്റെ (സിംഗിൾ മദർ) കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് രേഖപ്പെടുത്തണമെന്നു നിർദേശിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊല്ലം സ്വദേശിനി നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരി എട്ടുമാസം ഗർഭിണിയായതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ച് നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിനും ജനന, മരണ ചീഫ് റജിസ്ട്രാർക്കും നിർദേശം നൽകി.

ഇത്തരം കേസുകളിൽ റജിസ്ട്രേഷനായി സമീപിക്കുന്നവരിൽ നിന്ന് എആർടി മാർഗത്തിലൂടെയാണു ഗർഭിണിയായതെന്നു കാണിക്കുന്ന സത്യവാങ്മൂലവും മെഡിക്കൽ രേഖയുടെ പകർപ്പും വാങ്ങി പ്രത്യേകം ഫോം നൽകണമെന്നും കോടതി നിർദേശിച്ചു. നിലവിലുള്ള ഫോമുകളിൽ പിതാവിന്റെ പേര് പരാമർശിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അജ്ഞാതമായി വയ്ക്കേണ്ട ഈ വിവരം രേഖപ്പെടുത്താൻ നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളിലെ സ്വകാര്യത, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ലംഘിക്കുന്നു. കാലാനുസൃതവും സാങ്കേതിക വിദ്യയുടെ വികാസത്തിനും ജീവിത രീതിയിലുള്ള മാറ്റത്തിനും മറ്റും അനുസരിച്ചു നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങളും കൂട്ടിച്ചേർക്കലും നടത്താറുണ്ടെന്നു കോടതി പറഞ്ഞു.

വിവാഹമോചനം നേടിയ ശേഷം അജ്ഞാത ദാതാവിന്റെ ബീജം സ്വീകരിച്ച് ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെയാണു (ഐവിഎഫ്) ഗർഭിണിയായതെന്നും ഇത്തരത്തിൽ ഗർഭം ധരിക്കുന്നവരോട് ആരാണ് ബീജം നൽകിയതെന്ന് പറയില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി.

Related posts

സു​മി​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​ത്തി; ഓ​പ്പ​റേ​ഷ​ൻ ഗം​ഗ പൂ​ർ​ത്തി​യാ​യി

Aswathi Kottiyoor

ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതൽ മുതൽമുടക്കും: ധനമന്ത്രി കെ എൻ ബാലഗോപാൽ

Aswathi Kottiyoor

എന്‍എച്ച് 66 വികസനം 2025ല്‍ പൂര്‍ത്തിയാക്കും: മ​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​യാ​സ്

Aswathi Kottiyoor
WordPress Image Lightbox