ഇരിട്ടി : ആറളം പഞ്ചായത്ത് വീര്‍പ്പാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോളനിനിവാസികളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശരാക്കിയതായി പരാതി. പരിക്കേറ്റ വീർപ്പാട് കോളനിയിലെ ശശി (45 ), ബാബു (48 ) എന്നിവരെ ഇരിട്ടി താലൂക്കാശുപത്രിയിലും തുടർന്ന് ജില്ലാ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമത്തിന് സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് സി പി എം പറയുന്നത് .
വീര്‍പ്പാട് കോളനിയിലെ ശശി, ബാബു എന്നിവരെയാണ് തിരഞ്ഞെടുപ്പിന് തലേദിവസം തട്ടിക്കൊണ്ടു പോയതായുള്ള പരാതിയുമായി കുടുംബാഗംങ്ങള്‍ രംഗത്ത് വന്നത്. ഇതിൽ ബാബു ഇവർ ഒളിവിൽ പാർപ്പിച്ച സ്ഥലത്തുനിന്നും രക്ഷപ്പെട്ട് തിരിച്ചെത്തി. കാറിൽ തട്ടിക്കൊണ്ടുപോയവർ തന്നെ മർദ്ദിച്ചവശനാക്കുകയും മദ്യം കുടിപ്പിക്കുവാൻ ശ്രമിച്ചതായും ബാബു പറഞ്ഞു. ഒടുവിൽ ഒളിവിൽ പാർപ്പിച്ച കെട്ടിടത്തിന്റെ ഓടിളക്കി ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ബാബു പറഞ്ഞത്.
എന്നാൽ ശശിയെ കാണാതായതോടെ ഇവരെ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ച് കുടുംബം ആറളം പോലീസിൽ പരാതി നൽകി. ഇതിനു ശേഷം ഇലക്ഷന്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശശിയെ ചിലർ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്ന് കോളനി വാസികൾ പറഞ്ഞു. അവശനിലയിൽ ബോധമില്ലാതെ കിടന്ന ശശിയെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ശോഭ, അയ്യങ്കുന്ന് പഞ്ചായത്തു മെമ്പർ മിനി വിശ്വനാഥൻ, ആറളം പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇരിട്ടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷക്ക് ശേഷം ശശിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് ഇവരെ കണ്ണൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ശശിയുടെ തലയിൽ ക്ഷതമേറ്റതായി സംശയിക്കുന്നുണ്ട്.
അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്നും അക്രമികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും അഡ്വ സണ്ണി ജോസഫ് എം എൽ എ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും , യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും സി പി എം നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
previous post