കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിൽ കോവിഡ് ടിപിആർ 10 ശതമാനത്തിനു മുകളിലാകുകയും (13.4%) സി കാറ്റഗറിയിൽ ഉൾപ്പെടുകയും ചെയ്തതോടെ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കും.
കൊട്ടിയൂർ പഞ്ചായത്തിൽ ആകെ 35 പോസിറ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്. കഴിഞ്ഞ ആഴ്ച പഞ്ചായത്തിന് അനുവദിച്ച പരിശോധനാ കിറ്റുകളും ലഭിച്ചിരുന്നില്ല. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ കിറ്റുകൾ ലഭ്യമാക്കി ടെസ്റ്റുകൾ വർധിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പറഞ്ഞു.
സി കാറ്റഗറിയിൽ ഉൾപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്തിൽ അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന കടകൾ (മരുന്ന്, റേഷൻ കടകൾ, പാൽ, പത്രം, പഴം-പച്ചക്കറി, ബേക്കറി, കാലിത്തീറ്റ, കോഴിത്തീറ്റ, വളർത്തുമൃഗങ്ങൾ,പക്ഷികൾക്കുള്ളതീറ്റ വിൽക്കുന്ന കടകൾ, പലചരക്ക്, മത്സ്യം, മാംസം) എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.
നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, കാർഷിക വൃത്തിയോടനുബന്ധിച്ചുള്ള അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളുടെ റിപ്പയറുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ ശനി, ഞായർ, ദിവസങ്ങളിൽ ഒഴികെ എല്ലാദിവസങ്ങളിലും രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ തുറന്ന് പ്രവർത്തിക്കാം.ബാങ്കുകൾക്ക് ശനി, ഞായർ ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാം.വിവാഹ ആവശ്യങ്ങൾക്കായി തുണിക്കടകൾ, സ്വർണക്കടകൾ, ചെരുപ്പ് കടകൾ കുട്ടികൾക്കുള്ള ബുക്കുകൾ വിൽക്കുന്ന കടകൾ എന്നിവ വെള്ളിയാഴ്ച ദിവസം മാത്രം രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ വരെ തുറന്ന് പ്രവർത്തിക്കാം.ഇലക്ട്രോണിക്ക് ഷോപ്പുകൾ, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പുകൾ
എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ. ഭക്ഷണ വിതരണ ശാലകളിൽ രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ ഭക്ഷണം പാഴ്സലായി വിതരണവും ഹോം ഡെലിവറിയും നടത്താം.